Cricket Cricket-International Top News

ഗില്ലിൻ്റെ ഇരട്ടസെഞ്ചുറി കരുത്തിൽ കിവീസിനെ കീഴടക്കി ഇന്ത്യ; ബ്രേസ്വെല്ലിൻ്റെ വെടിക്കെട്ട് ഇന്നിംഗ്സ് പാഴായി.!

January 18, 2023

author:

ഗില്ലിൻ്റെ ഇരട്ടസെഞ്ചുറി കരുത്തിൽ കിവീസിനെ കീഴടക്കി ഇന്ത്യ; ബ്രേസ്വെല്ലിൻ്റെ വെടിക്കെട്ട് ഇന്നിംഗ്സ് പാഴായി.!

ന്യൂസീലാൻഡിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യക്ക് വിജയത്തോടെ തുടക്കം. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 12 റൺസിൻ്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർ ശുഭ്മാൻ ഗില്ലിൻ്റെ ഇരട്ട സെഞ്ചുറിയുടെ പിൻബലത്തിൽ ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിൽ 349 എന്ന മികച്ച സ്കോർ പടുത്തുയർത്തി. 149 പന്തുകൾ നേരിട്ട താരം 19 ഫോറുകളും, 9 സിക്സറുകളും സഹിതം 208 റൺസ് നേടുകയായിരുന്നു.

 

ഗില്ലിനെ കൂടാതെ 38 റൺസ് നേടിയ രോഹിത് ശർമയ്ക്കും, 31 റൺസ് നേടിയ സൂര്യകുമാർ യാദവിനും, 28 റൺസ് നേടിയ ഹാർദിക് പാണ്ഡ്യക്കും മാത്രമാണ് ബാറ്റിംഗിൽ ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞത്. ഒരറ്റത്ത് കിവീസ് ഇന്ത്യയുടെ വിക്കറ്റുകൾ പിഴുതെടുത്തെങ്കിലും ഗില്ലിൻ്റെ തകർപ്പൻ ഇന്നിംഗ്സ് ടീമിനെ മികച്ച സ്കോറിലേക്ക് എത്തിക്കുകയായിരുന്നു. കിവീസിനായി 2 വിക്കറ്റ് വീതം നേടിയ മിച്ചലും, ഷിപ്ലെയുമാണ് ബൗളിംഗിൽ മികച്ച പ്രകടനം കാഴ്ചവെച്ചത്. മറുപടി ബാറ്റിംഗിനായി ഇറങ്ങിയ ന്യൂസീലാൻഡിനെ ഇന്ത്യ കിടിലൻ ബൗളിംഗിലൂടെ 131 റൺസിന് 6 എന്ന നിലയിലേക്ക് കൂപ്പുകുത്തിച്ചെങ്കിലും ബ്രേസ്വെല്ലും, സാൻ്റ്നെറും ചേർന്ന് സന്ദർശകരെ തകർച്ചയിൽ നിന്നും കരകയറ്റുകയായിരുന്നു.

 

78 പന്തുകളിൽ നിന്നും വെടിക്കെട്ട് ബാറ്റിംഗിലൂടെ 140 റൺസ് അടിച്ചെടുത്ത ബ്രേസ്വെൽ ഏറ്റവും ഒടുവിലാണ് പുറത്തായത്. 12 ബൗണ്ടറികളും, 10 സിക്സറുകളുമാണ് താരത്തിൻ്റെ ബാറ്റിൽ നിന്നും പിറന്നത്. താരത്തെ കൂടാതെ 57 റൺസ് നേടിയ സാൻ്റ്നെറും, 40 റൺസ് നേടിയ ഫിൻ അലെനുമാണ് കിവീസിനായി മികച്ച ബാറ്റിംഗ് പുറത്തെടുത്തത്. വലിയൊരു തോൽവിയിൽ നിന്നും ബ്രേസ്വെൽ കിവീസിനെ വിജയത്തിലേക്ക് കൈപിടിച്ചു കയറ്റിയെന്ന് തൊന്നിച്ചെങ്കിലും അവസാന ഓവറിൽ അവസാന വിക്കറ്റായി താരം മടങ്ങിയത് സന്ദർശകരെ നിരാശരാക്കി.

 

ഒടുവിൽ 49.2 ഓവറിൽ 337 റൺസിന് കിവീസിൻ്റെ പോരാട്ടം അവസാനിക്കുകയായിരുന്നു. ഇന്ത്യക്കായി 10 ഓവറിൽ 46 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ സിറാജ് ആണ് ബൗളിംഗിൽ ഇന്ത്യയ്ക്ക് കൂടുതൽ തുണയായത്. താരത്തെ കൂടാതെ കുൽദീപ് യാദവും, ഷാർദുൽ താക്കുറും 2 വിക്കറ്റുകൾ വീതം വീഴ്ത്തി. അങ്ങനെ ആദ്യ ഏകദിനത്തിൽ 12 റൺസിൻ്റെ വിജയം സ്വന്തമാക്കുവാൻ ഇന്ത്യയ്ക്ക് സാധിച്ചു. ഇതോടെ 3 മത്സരപരമ്പരയിൽ ആതിഥേയരായ ഇന്ത്യ 1-0ന് മുന്നിലെത്തി. ഇരട്ടശതകവുമായി ടീമിൻ്റെ ഇന്നിംഗ്സിന് അടിത്തറ പാകിയ ഗില്ലാണ് മത്സരത്തിലെ ഇന്ത്യയുടെ വിജയ്ശില്പി.

 

ഇന്ത്യക്കായി ഏകദിനത്തിൽ ഇരട്ടസെഞ്ചുറി നേടുന്ന അഞ്ചാമത്തെ താരമാണ് ഗിൽ. ഒരു ഇന്ത്യൻ താരത്തിൻ്റെ ഏഴാമത് ഇരട്ട സെഞ്ചുറിയായിരുന്നു ഹൈദരാബാദിൽ പിറന്നത്. ലോക ഏകദിനക്രിക്കറ്റിൽ കൂടുതൽ തവണ ഇരട്ട സെഞ്ചുറികൾ നേടിയിട്ടുള്ളത് രോഹിത് ശർമയാണ്(3).

ജനുവരി 21 ശനിയാഴ്ച റായ്പൂരിൽ വെച്ചാണ് പരമ്പരയിലെ രണ്ടാം മത്സരം.

Leave a comment