Cricket legends Uncategorised

ക്രിക്കറ്റ്ററായ സിവിൽ സർവീസ് കാരൻ – ഒരേയൊരു ഖുറേസിയ

October 12, 2025

author:

ക്രിക്കറ്റ്ററായ സിവിൽ സർവീസ് കാരൻ – ഒരേയൊരു ഖുറേസിയ

ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ, കളിക്കളത്തിലെ മിന്നുന്ന പ്രകടനങ്ങൾക്കപ്പുറം, അക്കാദമിക് രംഗത്തും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അപൂർവ്വം ചില താരങ്ങളിൽ ഒരാളാണ് അമയ് രാംസേവക് ഖുറൈസിയ (Amay Ramsevak Khurasiya). മധ്യപ്രദേശിലെ ജബൽപൂരിൽ 1972 മെയ് 18-ന് ജനിച്ച അമയ്, ഒരു മികച്ച ഇടംകൈയ്യൻ ബാറ്റ്‌സ്മാനായും പാർട്ട് ടൈം ഇടംകൈയ്യൻ ഓർത്തഡോക്സ് സ്പിന്നറായും ശ്രദ്ധേയനായി.
പതിനേഴാം വയസ്സിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച അമയ് ഖുറാസിയ, ആഭ്യന്തര ക്രിക്കറ്റിൽ മധ്യപ്രദേശ് ടീമിൻ്റെ അവിഭാജ്യ ഘടകമായിരുന്നു. 1989 മുതൽ 2006 വരെ നീണ്ടുനിന്ന തൻ്റെ ഫസ്റ്റ് ക്ലാസ് കരിയറിൽ, 119 മത്സരങ്ങളിൽ നിന്ന് 40-ൽ അധികം ശരാശരിയിൽ 7,300-ൽ അധികം റൺസ് നേടി. 21 സെഞ്ചുറികളും 31 അർദ്ധസെഞ്ചുറികളും അദ്ദേഹത്തിൻ്റെ പേരിലുണ്ട്. ടി20 ക്രിക്കറ്റ് വരുന്നതിനു മുൻപേ തന്നെ ബിഗ് ഹിറ്റർ എന്ന നിലയിൽ ആഭ്യന്തര ക്രിക്കറ്റിൽ അദ്ദേഹം പേരെടുത്തിരുന്നു.
ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനം അദ്ദേഹത്തിന് ഇന്ത്യൻ ടീമിലേക്കുള്ള വാതിൽ തുറന്നു. 1999 മാർച്ച് 30 ന് പൂനെയിൽ ശ്രീലങ്കയ്‌ക്കെതിരെ നടന്ന പെപ്‌സി കപ്പ് ത്രിരാഷ്ട്ര ടൂർണമെന്റിലായിരുന്നു അദ്ദേഹത്തിൻ്റെ ഏകദിന അരങ്ങേറ്റം. വെറും 45 പന്തിൽ നിന്ന് 4 ഫോറുകളും 2 സിക്‌സറുകളും സഹിതം 57 റൺസ് നേടി, തകർപ്പൻ തുടക്കമാണ് അമയ് കുറിച്ചത്. അജയ് ജഡേജയുമായി ചേർന്ന് ആറാം വിക്കറ്റിൽ 125 റൺസിന്റെ നിർണായക കൂട്ടുകെട്ടുണ്ടാക്കിയ അദ്ദേഹം, ഇന്ത്യയ്ക്ക് 51 റൺസിന്റെ വിജയം നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.
എന്നാൽ സ്വപ്നതുല്യമായ തുടക്കമായിരുന്നെങ്കിലും, അമയ് ഖുറൈസിയയുടെ അന്താരാഷ്ട്ര കരിയർ അധികം നീണ്ടുനിന്നില്ല. 1999-ലെ ലോകകപ്പ് ടീമിൽ അദ്ദേഹം ഉൾപ്പെട്ടിരുന്നെങ്കിലും, ഒരു മത്സരത്തിലും കളിക്കാൻ അവസരം ലഭിച്ചില്ല. 1999-ൽ 10 ഏകദിന മത്സരങ്ങൾ കളിച്ചു. 2001-ൽ ശ്രീലങ്കയ്‌ക്കെതിരെ രണ്ട് മത്സരങ്ങളിൽ കൂടി കളിച്ചെങ്കിലും കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല. മൊത്തത്തിൽ, ഇന്ത്യയ്ക്കുവേണ്ടി 12 ഏകദിന മത്സരങ്ങളിൽ നിന്നായി ഒരു അർദ്ധസെഞ്ചുറി ഉൾപ്പെടെ 149 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്…..

അമയ് ഖുറൈസിയയെ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഒരു അപൂർവതയാക്കുന്നത് അദ്ദേഹത്തിൻ്റെ അക്കാദമിക നേട്ടമാണ്. ദേശീയ ടീമിൽ അരങ്ങേറ്റം കുറിക്കുന്നതിനു മുൻപ് തന്നെ, രാജ്യത്തെ ഏറ്റവും കടുപ്പമേറിയ പരീക്ഷകളിലൊന്നായ യുപിഎസ്‌സി (UPSC) സിവിൽ സർവീസ് പരീക്ഷ അദ്ദേഹം വിജയിച്ചിരുന്നു. ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് താരമായിരിക്കെ ഈ നേട്ടം കൈവരിച്ച ഏക ഇന്ത്യൻ താരം അദ്ദേഹമാണ്. അദ്ദേഹം ഇന്ത്യൻ കസ്റ്റംസ് & സെൻട്രൽ എക്സൈസ് വകുപ്പിൽ ഇൻസ്പെക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2007-ൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹം കോച്ചിംഗ് രംഗത്തേക്ക് തിരിഞ്ഞു. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ്റെ മുഖ്യ പരിശീലകനായും അദ്ദേഹം പ്രവർത്തിച്ചു. നിലവിൽ അദ്ദേഹം നമ്മുടെ കേരള ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാണ്……..

Leave a comment