ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കാൻ 70 ലക്ഷം രൂപ സംഭാവന ; അദാനി ഫൗണ്ടേഷന് നന്ദി പറഞ്ഞ് പാരാ ക്രിക്കറ്റ് താരം
അനേകർക്ക് പ്രചോദനമായ, ഭിന്നശേഷിക്കാരനായ ക്രിക്കറ്റ് താരം അമീർ ഹുസൈൻ ലോൺ, ജമ്മു കശ്മീരിലെ നിരാലംബരായ ക്രിക്കറ്റ് കളിക്കാർക്ക് ക്രിക്കറ്റ് അക്കാദമി തുടങ്ങിയതിന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയോട് നന്ദി രേഖപ്പെടുത്തി. കുട്ടികൾക്കായി ഒരു ക്രിക്കറ്റ് അക്കാദമി തുടങ്ങുക എന്ന തൻ്റെ സ്വപ്നം ഒടുവിൽ യാഥാർത്ഥ്യമാകുന്നതിൻ്റെ സന്തോഷത്തിലാണ് ഈ പാരാ ക്രിക്കറ്റ് താരം. എട്ട് വയസ്സുള്ളപ്പോൾ അച്ഛൻ്റെ മില്ലിൽ നടന്ന ഒരു അപകടത്തിൽ അദ്ദേഹത്തിന് രണ്ട് കൈകളും നഷ്ടപ്പെട്ടു.
പക്ഷേ തൻ്റെ വൈകല്യം ക്രിക്കറ്റിനോടുള്ള ഇഷ്ടത്തിന് തടസ്സമായില്ല. അദ്ദേഹത്തിന് സവിശേഷമായ ഒരു കളിശൈലിയുണ്ട് – ബൗൾ ചെയ്യാൻ കാലുകളും ബാറ്റ് ചെയ്യാൻ തോളും കഴുത്തും ഉപയോഗിക്കുന്നു. ബൗളിംഗിലും ബാറ്റിങ്ങിലും ഉള്ള അദ്ദേഹത്തിന്റെ അഭിനിവേശം കണ്ട് ടീച്ചർ അവനെ പാരാ ക്രിക്കറ്റിലേക്ക് പരിചയപ്പെടുത്തി. 34 കാരനായ താരം 2013 മുതൽ പ്രൊഫഷണൽ ക്രിക്കറ്റ് കളിക്കുന്നു.അദ്ദേഹത്തിൻ്റെ അസാധാരണമായ കഴിവുകൾ ശ്രദ്ധിക്കപ്പെടാതെ പോയിട്ടില്ല. ഈ വർഷമാദ്യം, ഗൗതം അദാനി എക്‌സിൽ ഒരു പോസ്റ്റിൽ അമീറിൻ്റെ ഒരിക്കലും കൈവിടാത്ത സ്പിരിറ്റിനെ അഭിവാദ്യം ചെയ്തു.
അദാനി ഫൗണ്ടേഷൻ തൻ്റെ അതുല്യമായ യാത്രയിൽ സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.തൻ്റെ ജീവിതവും കരിയറും പുനരുജ്ജീവിപ്പിക്കാൻ സഹായിച്ച അദാനി ഫൗണ്ടേഷൻ സാമ്പത്തിക പിന്തുണയുമായി എത്തിയതിന് ശേഷം തൻ്റെ പോരാട്ടങ്ങൾക്ക് ഒടുവിൽ പ്രതിഫലം ലഭിച്ചതിൽ അമീർ സന്തോഷിച്ചു. ഫൗണ്ടേഷൻ വീണ്ടും ഇടപെട്ട് ഒരു ഇൻഡോർ ക്രിക്കറ്റ് സൗകര്യം സ്ഥാപിക്കുന്നതിനും 67.60 ലക്ഷം രൂപ അനുവദിച്ചു, അനന്ത്നാഗിലെ വാഘാമ ഗ്രാമത്തിൽ കുട്ടികൾക്കായി ഒരു ക്രിക്കറ്റ് അക്കാദമി തുറക്കുക എന്ന തൻ്റെ ദീർഘകാല സ്വപ്നം സാക്ഷാത്കരിക്കാൻ അദ്ദേഹത്തെ ഇത് സഹായിച്ചു.