Cricket Cricket-International Top News

പരമ്പര പിടിക്കാന്‍ ഇന്ത്യ, ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനം നാളെ

October 10, 2022

author:

പരമ്പര പിടിക്കാന്‍ ഇന്ത്യ, ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനം നാളെ

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ മൂന്നാം മത്സരം നാളെ. ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം എന്നതിനാൽ മത്സരം നിർണായകമാണ്. മുന്‍ നിര താരങ്ങളുടെ അഭാവത്തില്‍ രണ്ടാം നിര താരങ്ങളുമായി ഇറങ്ങിയ ഇന്ത്യ റാഞ്ചിയില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ 7 വിക്കറ്റിന്‍റെ കിടിലൻ ജയവുമായി പരമ്പരയില്‍ ഒപ്പമെത്തിയിരുന്നു.

ആദ്യ മത്സരത്തില്‍ സഞ്ജു സാംസണിന്‍റെ ഒറ്റയാള്‍ പോരാട്ട മികവില്‍ ഇന്ത്യ വിജയത്തിന് അടുത്തെത്തിയെങ്കിലും ഒമ്പത് റണ്‍സിന്‍റെ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. മൂന്നാം ഏകദിനത്തിൽ പരമ്പര നേടിയാല്‍ ദക്ഷിണാഫ്രിക്കയുടെ ഒന്നാം നിരയെ തോല്‍പ്പിച്ച് പരമ്പര നേടുകയെന്ന അഭിമാനനേട്ടം ശിഖര്‍ ധവാനും സംഘത്തിനും കൈവരിക്കാം. ഓപ്പണര്‍ സ്ഥാനത്ത് താളം കണ്ടെത്താന്‍ പാടുപെടുന്ന ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ ഇന്ത്യക്ക് വലിയ തലവേദനയാണെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ ധവാന്‍ തന്നെ ഓപ്പണറായി എത്തും.

ആദ്യ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയെങ്കിലും ശുഭ്മാന്‍ ഗില്‍ തന്നെയാവുംസഹ ഓപ്പണര്‍. കഴിഞ്ഞ മത്സരത്തില്‍ ഫോമിലായ ഇഷാന്‍ കിഷന്‍ വണ്‍ ഡൗണായി എത്തും. കഴിഞ്ഞ കളിയിലെ സെഞ്ചൂറിയനും ലോകകപ്പ് ടീമിലെ സ്റ്റാന്‍ഡ് ബൈ താരവുമായ ശ്രേയസ് അയ്യര്‍ നാലാം നമ്പറില്‍ തുടരും. സഞ്ജു സാംസണും ടീമിൽ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഓള്‍ റൗണ്ടര്‍മാരുടെ അഭാവത്തില്‍ വാഷിംഗ്ടണ്‍ സുന്ദറിന് നാളെയും അവസരം കിട്ടുമ്പോൾ ഷഹബാസ് അഹമ്മദിന് പകരം ലോകകപ്പ് ടീമിലെ റിസര്‍വ് താരമായ രവി ബിഷ്ണോയിക്ക് ഒരവസരം കിട്ടിയേക്കും.  ബോളിംഗ് നിരയിൽ മറ്റ് മാറ്റങ്ങളൊന്നും ഉണ്ടാവാൻ സാധ്യതയില്ല.

Leave a comment