രണ്ടാം ടെസ്റ്റ്: ആകാശ് ദീപിന്റെ അഞ്ച് വിക്കറ്റ് നേട്ടം; ന്യൂസിലൻഡിനെ 356 റൺസിന് പുറത്താക്കി ഇന്ത്യ
ക്രൈസ്റ്റ്ചർച്ച്: ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്ലി ഓവലിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച, ന്യൂസിലൻഡിനെ അവരുടെ ആദ്യ ഇന്നിംഗ്സിൽ 356 റൺസിന് ഇന്ത്യ പുറത്താക്കി. ഇന്ത്യൻ പേസർ ആകാശ് ദീപ് മികച്ച പ്രകടനം കാഴ്ചവെക്കുകയും 95 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു. 246/5 എന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലൻഡിനായി വിക്കറ്റ് കീപ്പർ ബാറ്റർ ടോം ബ്ലണ്ടൽ മികച്ച പോരാട്ടം കാഴ്ചവെച്ചു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്ക് ഒരു വിക്കറ്റ് നഷ്ട്ടമായി. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ 6 ഓവറിൽ 24/1 എന്ന നിലയിലാണ്. കെ എൽ രാഹുൽ(8), പടിക്കൽ(15) എന്നിവരാണ് ക്രീസിൽ. ജെയ്സ്വാളിന്റെ(0) വിക്കറ്റ് ആണ് ഇന്ത്യക്ക് നഷ്ടമായത്.
211 പന്തുകൾ നേരിട്ട ബ്ലണ്ടൽ 10 ബൗണ്ടറികൾ ഉൾപ്പെടെ 89 റൺസ് നേടിയെങ്കിലും, സെഞ്ച്വറിക്ക് തൊട്ടരികിൽ വെച്ച് പുറത്തായി. 26 റൺസ് നേടിയ നഥാൻ സ്മിത്തും 19 റൺസ് കൂട്ടിച്ചേർത്ത കൈൽ ജാമിസണും അദ്ദേഹത്തിന് മികച്ച പിന്തുണ നൽകി. മത്സരത്തിന്റെ ആദ്യ സെഷനിൽ തന്നെ നിർണായക വിക്കറ്റുകൾ വീഴ്ത്താൻ ഇന്ത്യക്ക് സാധിച്ചു; ഗ്ലെൻ ഫിലിപ്സിനെ (36 റൺസ്) അൻഷുൽ കാംബോജ് പുറത്താക്കി. സ്മിത്തിനെയും ജാമിസണെയും ആകാശ് ദീപ് പുറത്താക്കിയപ്പോൾ, ജാമിസന്റെ വിക്കറ്റ് വീഴ്ത്തുന്നതിൽ യശസ്വി ജയ്സ്വാളിന്റെ മികച്ച ക്യാച്ച് നിർണായകമായി.
ഗുർനൂർ ബ്രാർ എറിഞ്ഞ പന്തിൽ ഫൈൻ ലെഗിൽ ആകാശ് ദീപ് ക്യാച്ചെടുത്തതോടെ ബ്ലണ്ടലിന്റെ ഇന്നിംഗ്സിന് വിരാമമായി. 19 റൺസ് നേടിയ മാറ്റ് ഹെൻറിയെ പുറത്താക്കിയതോടെ ആകാശ് ദീപ് തന്റെ അഞ്ച് വിക്കറ്റ് നേട്ടം പൂർത്തിയാക്കി; വിക്കറ്റിന് പിന്നിൽ റിഷഭ് പന്താണ് ക്യാച്ചെടുത്തത്. ബ്രാർ, കാംബോജ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ, വാഷിംഗ്ടൺ സുന്ദർ ഒരു വിക്കറ്റ് സ്വന്തമാക്കി. 116.3 ഓവറിൽ 356 റൺസിന് ന്യൂസിലൻഡ് എല്ലാവരും പുറത്തായതോടെ, ആദ്യ ഇന്നിംഗ്സിൽ മികച്ച ലീഡ് നേടാനുള്ള അവസരം ഇന്ത്യക്ക് മുന്നിലുണ്ട്.






































