Editorial Foot Ball Top News Uncategorised

ഇന്ത്യൻ ഫുട്ബോളിൽ മാറ്റങ്ങൾ സംഭവിക്കുമ്പോൾ

October 14, 2019

author:

ഇന്ത്യൻ ഫുട്ബോളിൽ മാറ്റങ്ങൾ സംഭവിക്കുമ്പോൾ

ഇന്ത്യൻ ഫുട്ബോളിൽ ഏറെക്കാലമായി തുടർന്ന ഒരു അനിശ്ചിതത്വത്തിനു പരിഹാരമായിരിക്കുകയാണ്. ഇനി മുതൽ ഇന്ത്യൻ സൂപ്പർ ലീഗ് ഇന്ത്യയിലെ ഒന്നാം നിര ലീഗായി അറിയപ്പെടും. ഐ ലീഗ് രണ്ടാം നിരയിലും. 2022 മുതൽ ഐ.എസ്എലിൽ റെലഗേഷൻ സിസ്റ്റം നിലവിൽ വരുന്നതോടെ ഈ മാതൃക പൂർണമായും ഉപയോഗിക്കപ്പെടും.

ഏതൊരു രാജ്യത്തിന്റെയും ഫുട്ബോൾ രംഗത്തെ വളർച്ച പരിശോധിച്ചാൽ നമുക്കു മനസ്സിലാകും എത്ര വലുതാണ് ആ വളർച്ചയിൽ ആഭ്യന്തര ടൂർണമെന്റുകളുടെ പങ്കെന്ന്. സ്വാതന്ത്ര്യലബ്ദിക്കു മുന്നേ തന്നെ അത്തരം ക്ലബ്ബുകൾ ഇന്ത്യയിൽ ആഴത്തിൽ വേരിറക്കിയിരുന്നു. ഇംഗ്ലണ്ടിലെ FA കപ്പ്‌ കഴിഞ്ഞാൽ ഏറ്റവും പ്രായം കൂടിയ ട്രോഫി എന്നറിയപ്പെട്ടിരുന്ന IFA ഷീൽഡ്, റോവേഴ്സ് കപ്പ്‌,, ഡ്യൂറന്റ് കപ്പ്‌ എന്നിവയടക്കം നിരവധി ആഭ്യന്തര ടൂർണമെന്റുകൾ ഇന്ത്യയിലെ ഫുടബോൾ വേദികളെ ആവേശം കൊള്ളിച്ചിരുന്നു.

ആര്യൻ ക്ലബ്ബ്, മോഹൻ ബഗാൻ, ഈസ്റ്റ്‌ ബംഗാൾ, മുഹമ്മദൻസ് തുടങ്ങിയ കൽക്കട്ട ക്ലബുകളായിരുന്നു ആദ്യകാലത്തു ഇന്ത്യൻ ഫുടബോളിന്റെ അച്ചുതണ്ട്. പ്രധാന ടൂർണമെന്റുകളിലെല്ലാം തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച ഈ ടീമുകളിലെ അംഗങ്ങളായിരുന്നു ഇന്ത്യൻ ദേശീയ ടീമിന്റെ സിംഹഭാഗവും.

1950 കളിൽ “സയ്യദ് അബ്ദുൽ റഹീം” എന്ന ദീർഘദര്ശിയും തന്ത്രശാലിയുമായിരുന്ന പരിശീലകന്റെ കടന്നുവരവോടെയാണ് ടീമെന്ന നിലയിൽ ഇന്ത്യ കൂടുതൽ ശക്തി പ്രാപിച്ചത്. റഹിമിനൊപ്പം ആദ്യകാലത്തു അദ്ദേഹം പരിശീലിപ്പിച്ചിരുന്ന ഹൈദരാബാദ് പോലീസ് ക്ലബ്ബിൽ നിന്നും ഒരുപറ്റം മികച്ച കളിക്കാർ കൂടി ദേശീയ ടീമിലേക്കെത്തിയതോടെ ഇന്ത്യ അന്തർദേശീയ തലത്തിൽ കൂടുതൽ ശ്രദ്ധയാകർഷിച്ചു. 1951, 1962 വർഷങ്ങളിൽ ഏഷ്യൻ ഗെയിംസ് സ്വര്ണമെഡലുകൾ ഇന്ത്യക്കു നേടിക്കൊടുത്ത റഹീം 1956 ഒളിമ്പിക്സിൽ ഇന്ത്യയെ അവസാന നാലിൽ എത്തിച്ചു. ശൈലൻ മന്നയും ജർണൈൽ സിങ്ങും, പീറ്റർ തങ്കരാജുമൊക്കെ അക്കാലത്തു മികച്ച പ്രകടനങ്ങളുമായി ടീമിനു മുതൽക്കൂട്ടായി.

1964ൽ അന്തരിച്ച റഹീമിനു തുടർച്ചായി മറ്റൊരു മികച്ച പരിശീലകനെ കണ്ടെത്താൻ കഴിയാതിരുന്നതാണ് ഇന്ത്യൻ ഫുടബോളിന്റെ തകർച്ചയ്ക്ക് കാരണമെന്നാണ് വിദഗ്ദാഭിപ്രായം. അതെന്തായാലൂം പിന്നീടിങ്ങോട്ട് ഇന്ത്യൻ ഫുടബോളിന്റെ നിലവാരസൂചിക താഴോട്ടു നോക്കി സഞ്ചരിക്കുകയായിരുന്നു. പരിശീലകർ മാറി വന്നുവെങ്കിലും, ഇന്ത്യയിലെ ക്ലബ്ബുകളുടെ നിലവാരമുയർത്താൻ ദേശീയ ലീഗ് വന്നുവെങ്കിലും, സൂപ്പർ താരങ്ങളായ ഐഎം വിജയനും ബൈച്ചുങ് ബൂട്ടിയയും ഒക്കെ അവതരിച്ചെങ്കിലും അവയ്ക്കൊന്നും ആ നിലവാരത്തകർച്ചയിൽ നിന്നും നമ്മുടെ ഫുടബോളിനെ രക്ഷിക്കാനായില്ല. കായികരംഗത്തു രാഷ്ട്രീയ ഇടപെടലുകൾ നടക്കുന്നതിന്റെ പരിണതഫലമാകാം അത്. ദീർഘ വീക്ഷണമോ കളി പരിചയമോ ഇല്ലാത്തവർ ഇന്ത്യൻ ഫുടബോളിന്റെ തലപ്പത്തെത്തിയപ്പോൾ അവർ സ്വയം വികസിക്കുന്നതിനെക്കുറിച്ചല്ലാതെ ഫുട്‌ബോളിന്റെ വികസനത്തെപ്പറ്റി മറന്നുപോയിരിക്കാം.

 

2007ൽ ദേശീയ ലീഗ് ഐ ലീഗിനു വഴി മാറിയതോടെ സർവിസ് ടീമുകൾ മുഖ്യധാരാ ഫുടബോളിൽ നിന്നും അകന്നു തുടങ്ങി. എങ്കിലും ആകർഷകമായ പ്രതിഫലവും താരതമ്യേന നല്ല പരിശീലന സൗകര്യങ്ങളും അതിലേറെ കുറച്ചുകൂടി പ്രൊഫഷണൽ ആയൊരു ലീഗും ഐ ലീഗിന്റെ കടന്നുവരവോടെ ഇന്ത്യക്കു ലഭിച്ചു. പക്ഷേ 2013ൽ AIFF ഉം IMG RIL ഉം ചേർന്ന് ഇന്ത്യൻ സൂപ്പർ ലീഗിനു രൂപം നൽകിയതോടെ ഐ ലീഗിന്റെ പ്രാധാന്യം കുറഞ്ഞുതുടങ്ങി. ഫുട്ബോൾ ഒരു വ്യവസായമായി മാറിത്തുടങ്ങിയതും ഐ.എസ് എലിന്റെ വരവോടെയായിരുന്നു.

ഇന്ത്യൻ ഫുടബോളിൽ ഈയിടെ കേട്ടതിൽ ഏറ്റവും നല്ലൊരു വാർത്തയായിരുന്നു ക്രോയേഷ്യൻ പരിശീലകൻ ഇഗർ സ്ടിമാച് ഇന്ത്യൻ ടീമിന്റെ പരീശീലകനാകുന്നു എന്നത്. സ്ടിമാച്ചിന്റെ ശൈലി ഇന്ത്യൻ ഫുടബോളിനു എത്രമാത്രം അനുയോജ്യമാണെന്നതിനേക്കാൾചിന്തിക്കേണ്ടത് ഒരു ചരിത്രമാണ്. 1984-85 സീസണിൽ ഇന്ത്യയെ പരിശീലിപ്പിച്ച സെർബിയക്കാരനായ കോച്ച് മിലോവാൻ സിരിച്ചിന്റെ ശൈലി. ടീമിനെ സമ്മർദ്ദത്തിലാഴ്ത്താതെ പ്രഭാതസവാരിക്കിടയിലും മറ്റും നടത്തിയിരുന്ന പെപ് ടോക്കുകളിലൂടെ തന്റെ ശിഷ്യന്മാരോട് ഇടപഴുകിയിരുന്ന അദ്ദേഹം ഇന്ത്യയുടെ മികച്ച വിദേശ പരിശീലകരിൽ ഒരാളായാണ് വിലയിരുത്തപ്പെടുന്നത്. നിർഭാഗ്യവശാൽ ഒരു സീസണിലേറെ ഇന്ത്യക്കൊപ്പം തുടരാൻ അദ്ദേഹത്തിനു സാധിച്ചില്ല. അല്ലെങ്കിൽ ഒരു പക്ഷേ ഇന്നു നാം പ്രതീക്ഷിക്കുന്ന ഫലം പതിറ്റാണ്ടുകൾക്കു മുന്നേ നമ്മുടെ ടീമിനു ലഭിച്ചേനെ. എങ്കിലും സ്റ്റിമാച്ചും ക്ലബ്‌ ഫുട്ബോളിൽ പുതുതായി വരുന്ന പ്രൊഫഷണലിസവും ചേർന്നു നമുക്കു നല്ല റിസൾട്ടുകൾ നൽകുമെന്ന് പ്രതീക്ഷിക്കാം.

Leave a comment