ഡബ്ല്യുടിസി ഫൈനൽ: റബാഡയുടെ മുന്നിൽ തകർന്നടിഞ്ഞ് ഓസ്‌ട്രേലിയ
ലണ്ടൻ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) ഫൈനലിന്റെ ആദ്യ ദിനത്തിൽ ഓസ്‌ട്രേലിയക്ക് തിരിച്ചടി. ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയയെ 212 റൺസിന് ഓൾഔട്ടാക്കി. തകർപ്പൻ പ്രകടനം ആണ് ദക്ഷിണാഫ്രിക്ക നടത്തിയത്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അത് ശരിവയ്ക്കുന്ന രീതിയിൽ ആയിരുന്നു അവരുടെ പ്രകടനം. തുടക്കം തന്നെ പിഴച്ച ഓസ്‌ട്രേലിയക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായി. അഞ്ച് വിക്കറ്റുമായി റബാഡ മികച്ച പ്രകടനം പുറത്തെടുത്തു.
മൂടിക്കെട്ടിയ കാലാവസ്ഥയും പേസ് ബൗളർമാർക്ക് അനുകൂലമായ സാഹചര്യങ്ങളും മുതലെടുത്ത് ദക്ഷിണാഫ്രിക്കൻ ബൗളർമാർ ഓസ്ട്രേലിയൻ മുൻനിരയെ തകർത്തെറിഞ്ഞു. ഓസ്ട്രേലിയ 67 റൺസിന് 4 വിക്കറ്റ് എന്ന നിലയിൽ പതറി. പിന്നീട് സ്മിത്തും(66) ബ്യൂ വെബ്‌സ്റ്ററും(72) ചേർന്ന് ടീമിനെ മുന്നോട്ട് നയിച്ചു. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 69 റൺസ് നേടി.അതിന് ശേഷം ബ്യൂ വെബ്‌സ്റ്ററും അലക്സും ചേർന്ന് ആറാം വിക്കറ്റിൽ 46 റൺസ് നേടി. ഈ കൂട്ടുകെട്ടും തകർന്ന് ശേഷം ഓസ്‌ട്രേലിയയുടെ ശേഷിക്കുന്ന നാല് വിക്കറ്റുകൾ 20 റൺസ് നേടുന്നതിൽ നിലംപൊത്തി.

കാഗിസോ റബാഡയിൽ നിന്ന് മികച്ച പ്രകടനം ആണ് കാണാൻ കഴിഞ്ഞത്. അദ്ദേഹം അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു. കാഗിസോയും മാർക്കോ ജാൻസണും കുറച്ച് വേഗത്തിൽ വാലറ്റം തുടച്ചുമാറ്റി. അവസാന സെഷന്റെ ആദ്യ മണിക്കൂറിൽ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി.