രാത്രികൾക്ക് ഇനി പകലിന്റെ വെളിച്ചം : ഫിഫ ലോകകപ്പ് 2026ന് തുടക്കമാകുന്നു
മെക്കിസ്‌കോ : ഇന്ന് ചരിത്രപ്രസിദ്ധമായ ഫിഫ ലോകകപ്പു മാമാങ്കത്തിന് തുടക്കമാകുന്നു. ടൂർണമെന്റിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് 48 ടീമുകൾ മാറ്റുരയ്ക്കുന്നത് മാത്രമല്ല, മൂന്ന് രാജ്യങ്ങളായ അമേരിക്ക, കാനഡ, മെക്സിക്കോ ചേർന്ന് ആദ്യമായി ഇത് സംഘടിപ്പിക്കുന്നുവെന്നതും പ്രത്യേകതയാണ്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണത്തെ മത്സരം കൂടുതൽ ആവേശകരമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. ആദ്യ മത്സരത്തിൽ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും നേർക്കുനേർ ഏറ്റുമുട്ടും.
കഴിഞ്ഞ 2022-ലെ ഫിഫ ലോകകപ്പിൽ മെക്സിക്കോ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താവുകയായിരുന്നു. എന്നാൽ, അതിനു മുൻപുള്ള എല്ലാ ലോകകപ്പുകളിൽ അവർ നോക്കൗട്ട് ഘട്ടത്തിൽ പ്രവേശിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ളവരാണ്. ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച്, അവർ അവസാനമായി ലോകകപ്പിൽ പങ്കെടുത്തത് 2010-ൽ ആതിഥേയരായപ്പോഴാണ്. 1998-ലും 2002-ലും അവർ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായെങ്കിലും, അവരുടെ ലോകകപ്പ് ചരിത്രം ആഫ്രിക്കൻ ഫുട്ബോളിന്റെ വളർച്ചയെ അടയാളപ്പെടുത്തുന്നതാണ്.
ഇന്ത്യയിൽ, ഫിഫ ലോകകപ്പ് 2026-ന്റെ ഔദ്യോഗിക സംപ്രേഷണാവകാശം സീ എന്റർടെയ്ൻമെന്റിനാണ്. അവരുടെ ‘യുണൈറ്റ് 8 സ്പോർട്സ് ‘ ചാനലുകളിലൂടെയും സീ5 സ്ട്രീമിംഗ് പ്ലാറ്റ്ഫോമിലൂടെയും മത്സരങ്ങൾ തത്സമയം കാണാൻ കഴിയും. കൂടാതെ, ഉദ്ഘാടന മത്സരവും നോക്കൗട്ട് മത്സരങ്ങളും ‘ഡിഡി സ്പോർട്സ്’ വഴി സൗജന്യമായി കാണാനും അവസരമുണ്ടാകും. ഇന്നത്തെ ആദ്യത്തെ മത്സരം ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടരയ്ക്ക്—അതായത് ജൂൺ പന്ത്രണ്ടാം തീയതിയുടെ തുടക്കത്തിലാണ് നടക്കുന്നത്.






































