Cricket Cricket-International Top News

ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് പടുകൂറ്റൻ വിജയം; ഇഷാന് ഇരട്ടശതകം.!

December 10, 2022

author:

ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് പടുകൂറ്റൻ വിജയം; ഇഷാന് ഇരട്ടശതകം.!

ബംഗ്ലാദേശിനെതിരെയുള്ള മൂന്നാം ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. ഇന്ത്യ മുന്നോട്ടുവെച്ച 410 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 182 റൺസിന് പുറത്താകുകയായിരുന്നു. 227 റൺസിൻ്റെ വമ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഇഷാൻ കിഷൻ്റെ ഇരട്ട സെഞ്ചുറിയുടെയും, വിരാട് കോഹ്‌ലിയുടെ സെഞ്ച്വറിയുടെയും മികവിൽ 7 വിക്കറ്റ് നഷ്ടത്തിൽ 409 എന്ന വമ്പൻ സ്കോർ പടുത്തുയർത്തുകയായിരുന്നു.

ഇഷാൻ 131 പന്തിൽ 24 ഫോറുകളും, 10 സിക്സറുകളും സഹിതം 210 റൺസ് എടുത്തപ്പോൾ കോഹ്‌ലി 91 പന്തിൽ 11 ഫോറുകളും, 2 സിക്സറുകളും സഹിതം 113 റൺസുമായി തിളങ്ങി. 37 റൺസ് നേടിയ സുന്ദറും, 20 റൺസ് നേടിയ അക്സറും മികച്ച പ്രകടനം തന്നെ പുറത്തെടുത്തപ്പോൾ ധവാൻ, ശ്രേയസ്, രാഹുൽ തുടങ്ങിയവർ നിരാശപ്പെടുത്തി. ബംഗ്ലാദേശിനായി ഷക്കീബ്, തസ്കിൻ, എബാഡോട്ട് തുടങ്ങിയവർ 2 വിക്കറ്റുകൾ വീതം വീഴ്ത്തി. തുടർന്ന് 410 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് പോയിക്കൊണ്ടിരുന്നു. 43 റൺസ് നേടിയ ഷക്കീബ് ആണ് ബംഗ്ലാ നിരയിലെ ടോപ് സ്കോറർ. കൂടാതെ ലിട്ടൺ (29), യാസിർ (25), മഹ്മദുള്ള (20) എന്നിവരൊഴികെ മറ്റാർക്കും രണ്ടക്കം പോലും കടക്കാനായില്ല. ഒടുവിൽ 182 റൺസിന് അവരുടെ മറുപടി അവസാനിച്ചു.

ഇന്ത്യയ്ക്കായി ഷാർദുൽ താക്കൂർ 3 വിക്കറ്റ് നേടിയപ്പോൾ, അക്സർ പട്ടേലും, ഉമ്രാൻ മാലിക്കും 2 വിക്കറ്റുകൾ വീതം വീഴ്ത്തി. അങ്ങനെ 227 റൺസിൻ്റെ വമ്പൻ വിജയം ഇന്ത്യ സ്വന്തമാക്കുകയായിരുന്നു. വിജയം നേടാൻ കഴിഞ്ഞെങ്കിലും ആദ്യ 2 മത്സരങ്ങൾ പരാജയപ്പെട്ടതു കൊണ്ടുതന്നെ 2-1 ന് ഇന്ത്യ ബംഗ്ലാദേശിന് മുന്നിൽ പരമ്പര അടിയറവ് വെച്ചു. വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത ഇഷാൻ കിഷനാണ് മത്സരത്തിലെ താരം.

Leave a comment