Cricket Cricket-International Top News

ഏകദിന ക്രിക്കറ്റിൽ 200 വിക്കറ്റ് നേട്ടം പൂർത്തിയാക്കി സൗത്തി

November 25, 2022

author:

ഏകദിന ക്രിക്കറ്റിൽ 200 വിക്കറ്റ് നേട്ടം പൂർത്തിയാക്കി സൗത്തി

ഏകദിന ക്രിക്കറ്റിൽ 200 വിക്കറ്റ് നേട്ടം പൂർത്തിയാക്കി ന്യൂസിലൻഡിന്റെ ബൗളിംഗ് കുന്തമുന ടിം സൗത്തി. ഓക്‌ലൻഡിലെ ഈഡൻ പാർക്കിൽ ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനത്തിലാണ് താരം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഇന്നിംഗ്‌സിന്റെ 25-ാം ഓവറിൽ തന്റെ രണ്ടാം സ്‌പെല്ലിനായി മടങ്ങിയെത്തിയ സൗത്തി 77 പന്തിൽ 72 റൺസ് നേടിയ ഇന്ത്യൻ നായകൻ ശിഖർ ധവാന്റെ വിക്കറ്റ് എടുത്താണ് താരം ഈ നാഴികക്കല്ല് പിന്നിട്ടത്.

ക്രിസ് കെയിൻസ്, ക്രിസ് ഹാരിസ്, കെയ്ൽ മിൽസ്, ഡാനിയൽ വെട്ടോറി എന്നിവർക്ക് ശേഷം ഏകദിന ഫോർമാറ്റിൽ 200 വിക്കറ്റ് തികയ്ക്കുന്ന അഞ്ചാമത്തെ ന്യൂസിലൻഡ് ബൗളറാണ് സൗത്തി. കൂടാതെ ഏകദിനത്തിൽ ന്യൂസിലൻഡിനായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന മൂന്നാമത്തെ താരമായി സൗത്തി ഉടൻ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിനുപുറമെ, ടെസ്റ്റിൽ 300-ഓ അതിലധികമോ വിക്കറ്റുകളും ഏകദിനത്തിൽ 200-ഓ അതിലധികമോ വിക്കറ്റുകളും ടി20-യിൽ 100-ഓ അതിലധികമോ വിക്കറ്റുകളും നേടുന്ന ആദ്യ ബൗളറായി സൗത്തി ഒരു പ്രത്യേക നേട്ടം കൈവരിച്ചു. അതേസമയം ടെസ്റ്റ് ക്രിക്കറ്റ് ഫോർമാറ്റിൽ 347 വിക്കറ്റുകൾ നേടിയിട്ടുണ്ട് താരം. അതേസമയം ടി20യിൽ മൊത്തത്തിൽ 134 വിക്കറ്റുകളുമായി മുൻനിര വിക്കറ്റ് വേട്ടക്കാരൻ കൂടിയാണ് കിവീസിന്റെ ഈ പേസർ.

Leave a comment