ടി20 ടീമിനെ പരിശീലിപ്പിക്കാന്‍ ദ്രാവിഡിനെക്കാള്‍ അനുയോജ്യൻ നെഹ്‌റയെന്ന് ഹർഭജൻ
ഇന്ത്യന്‍ ടി20 ടീമിനെ പരിശീലിപ്പിക്കാന്‍ ദ്രാവിഡിനെക്കാള്‍ അനുയോജ്യനായ മുന്‍ താരത്തെ നിര്‍ദേശിച്ച് ഹര്‍ഭജന്‍ സിംഗ്. ടി20 ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന് തോറ്റ് പുറത്തായതിന് പിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കെതിരെയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെതിരെയും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ഭാജി പുതിയ അഭിപ്രായവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ഒരുപാട് കാലം ഒരുമിച്ച് കളിച്ചിട്ടുള്ള ദ്രാവിഡിനോടുള്ള എല്ലാ ബഹുമാനവും വെച്ച് പറയട്ടെ, ടി20 ക്രിക്കറ്റില്‍ ദ്രാവിഡിനെക്കാള്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ അനുയോജ്യന്‍ ആശിഷ് നെഹ്റയാണ്. സമീപകാലത്ത് ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ച നെഹ്റക്ക് കളിയെക്കുറിച്ച് വ്യക്തമായ ധാരണയുമുണ്ട്. ഞാനീ പറയുന്നതിന് അര്‍ത്ഥം, ദ്രാവിഡിനെ നീക്കണമെന്നല്ല, പക്ഷെ ഇവര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണെങ്കില്‍ 2024 ടി20 ലോകകപ്പിനുള്ള ടീമിനെ വാര്‍ത്തെടുക്കാന്‍ ഇവര്‍ക്കാവുമെന്നും ഹര്‍ഭജന്‍ പറഞ്ഞു.
2017ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ആശിഷ് നെഹ്റ പിന്നീട് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ ബൗളിംഗ് കോച്ചായി പ്രവര്‍ത്തിച്ചു. അതിനുശേഷം കഴിഞ്ഞ സീസണില്‍ പുതിയ ടീമായ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ മുഖ്യപരിശീലകനായ നെഹ്റ ടീമിനെ ആദ്യ സീസണില്‍ തന്നെ കിരീടത്തിലേക്ക് നയിക്കുകയും ചെയ്‌തിരുന്നു.