പാകിസ്ഥാൻ പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിലേക്ക് കൗമാരതാരം ലെഗ് സ്പിന്നർ റെഹാൻ അഹമ്മദും
ലെഗ് സ്പിന്നർ റെഹാൻ അഹമ്മദിനെ പാകിസ്ഥാൻ പര്യടനത്തിനുള്ള ഇംഗ്ലണ്ട് ടീമിൽ ഉൾപ്പെടുത്തി. ഡിസംബർ ഒന്നിന് ആരംഭിക്കാനിരിക്കുന്ന മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലേക്കാണ് കൗമാരതാരത്തെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ അന്താരാഷ്ട്ര ടീമിൽ ഇതാദ്യമായാണ് റെഹാൻ അഹമ്മദ് ഇടംപിടിക്കുന്നത്.
മൂന്ന് ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ മാത്രം കളിച്ചുള്ള പരിചയമാണ് റെഹാൻ അഹമ്മദിനുള്ളതെങ്കിലും ഈ മത്സരങ്ങളിൽ കാഴ്ച്ചവെച്ച മിന്നും പ്രകടനമാണ് ടീമിലേക്ക് ക്ഷണം എത്താനുള്ള കാരണം. റെഹാനെ ടീമിൽ ഉൾപ്പെടുത്തുന്നതിന് മുമ്പ് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സുമായും ടീം മാനേജ്‌മെന്റിലെ മറ്റ് അംഗങ്ങളുമായും ചർച്ച നടത്തിയതായി ഇംഗ്ലണ്ടിന്റെ റെഡ്-ബോൾ ഹെഡ് കോച്ച് ബ്രണ്ടൻ മക്കല്ലം പറഞ്ഞു.
പാകിസ്ഥാനെതിരായ പരമ്പരയ്ക്കിടെ ഇംഗ്ലണ്ട് അദ്ദേഹത്തെ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയാൽ, ഇംഗ്ലണ്ട് പുരുഷ ടീമിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി റെഹാൻ മാറും. 2004 ഓഗസ്റ്റ് 13 ന് ജനിച്ച റെഹാൻ ബ്രയാൻ ക്ലോസിന്റെ പേരിലുള്ള റെക്കോഡാണ് മറികടക്കുക. 2022ലെ ഐസിസി അണ്ടർ 19 ലോകകപ്പിൽ ത്രീ ലയൺസിനായി ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത രണ്ടാമത്തെ ബൗളറായിരുന്നു റെഹാൻ. വെറും നാല് മത്സരങ്ങളിൽ നിന്ന് 12.58 ശരാശരിയിൽ 12 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.