Cricket Cricket-International Top News

സഞ്ജുവിനെ തഴഞ്ഞ് വീണ്ടും പന്തിന് അവസരം കൊടുക്കുന്നത് എന്തുകൊണ്ട്.?

November 21, 2022

author:

സഞ്ജുവിനെ തഴഞ്ഞ് വീണ്ടും പന്തിന് അവസരം കൊടുക്കുന്നത് എന്തുകൊണ്ട്.?

ഇന്നലെ നടന്ന ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ടി20 മത്സരത്തിൽ ഇന്ത്യ വമ്പൻ വിജയം സ്വന്തമാക്കിയിരുന്നു. തകർപ്പൻ ബാറ്റിങ്ങിലൂടെ സെഞ്ച്വറി നേടിയ സുര്യകുമാർ യാദവിൻ്റെയും, മികച്ച ബൗളിംഗിലൂടെ 4 വിക്കറ്റ് നേടിയ ദീപക് ഹൂഡയുടെയും മികവിലാണ് ഇന്ത്യ കിവീസിനെ നിലംപരിശാക്കിയത്. എന്നാൽ ഈയൊരു മത്സരത്തിൽ മലയാളിതാരം സഞ്ജു സാംസണിന് അവസരം ലഭിച്ചിരുന്നില്ല. അതേസമയം സമീപ കാലത്തെന്ന് അല്ല ടി20 കരിയറിൽ തന്നെ പരാജയം ആയ ഋഷഭ് പന്തിന് ഈയൊരു മത്സരത്തിൽ അവസരം നൽകുകയും ചെയ്തു. പക്ഷേ ഒരു പുതുമയും ഉണ്ടായില്ല. 13 പന്തുകളിൽ നിന്നും കേവലം 6 റൺസ് നേടിക്കൊണ്ട് പന്ത് പുറത്താകുകയായിരുന്നു. അതേസമയം ഈ വർഷം മികച്ച രീതിയിലാണ് സഞ്ജു മുന്നോട്ട് പോകുന്നത്. എന്നിട്ടും താരത്തെ ഇന്നലത്തെ മത്സരത്തിനുള്ള ടീമിൽ ഉൾപ്പെടുത്താതിരുന്നത് വൻ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. മുൻ ഇന്ത്യൻ കോച്ച് ആയ രവി ശാസ്ത്രി ഉൾപ്പെടെയുള്ളവർ ടീം സെലക്ഷനെ വിമർശിച്ച് മുമ്പോട്ട് വന്നിരുന്നു. ഈ വർഷം 5 ടി20 മത്സരങ്ങൾ കളിച്ച സഞ്ജു 44.75 ശരാശരിയിൽ 179 റൺസ് നേടിയിട്ടുണ്ട്. ഒപ്പം 158.41 എന്ന മികച്ച സ്ട്രൈക്ക് റേറ്റും താരത്തിനുണ്ട്. 77 റൺസാണ് ഉയർന്ന സ്കോർ.

അതേസമയം 20 മത്സരങ്ങളിൽ അവസരം ലഭിച്ച പന്ത് കേവലം 22.06 എന്ന ശരാശരിയിൽ 353 റൺസ് ആണ് ആകെ നേടിയിട്ടുള്ളത്. കൂടാതെ 131.22 എന്ന സഞ്ജുവിനെക്കാൾ താഴ്ന്ന സ്ട്രൈക്ക് റേറ്റ് ആണ് പന്തിനുള്ളത്. ഉയർന്ന സ്കോറും സഞ്ജുവിന് താഴെത്തന്നെ. 52. അതായത്, ഈ വർഷം എല്ലാ കണക്കുകളിലും സഞ്ജുവിനെക്കാൾ ഒരുപാട് താഴെയുള്ള പന്തിനു തന്നെയാണ് ബി.സി.സി.ഐ വീണ്ടും വീണ്ടും അവസരങ്ങൾ നൽകിക്കൊണ്ടിരിക്കുന്നത്. ഇടംകയ്യൻ ബാറ്റ്സ്മാന്മാരുടെ അഭാവം കൊണ്ടാണ് പന്തിനെ വീണ്ടും പരിഗണിക്കുന്നത് എന്ന് പറയുന്നുണ്ടെങ്കിൽ പോലും മികച്ച ഫോമിലുള്ള ഒരു താരത്തെ തഴഞ്ഞുകൊണ്ട് പന്തിനെ വീണ്ടും പരിഗണിക്കുന്നത് അക്ഷരാർത്ഥത്തിൽ വിമർശനം അർഹിക്കുന്ന കാര്യം തന്നെയാണ്. ഒരു മലയാളി ആയതുകൊണ്ടാണ് സഞ്ജുവിന് അവസരങ്ങൾ കുറയുന്നതെന്നും പരാതികൾ ഉണ്ട്. താരം നോർത്ത് ഇന്ത്യക്കാരൻ ആയിരുന്നെങ്കിൽ ഇതിനോടകം ടീമിൻ്റെ പ്രധാന കളിക്കാരൻ ആയി മാറിയേനെ എന്നുവരെ ബി.സി.സി.ഐക്കെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. എന്തായാലും വരാനിരിക്കുന്ന മൂന്നാമത്തെ മത്സരത്തിലും ടീം മാനേജ്മെൻ്റ് ഇതേ പ്രവർത്തി തുടർന്നാൽ ഇത് കൂടുതൽ വിവാദങ്ങൾക്ക് വഴിവെക്കുമെന്ന കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല. എന്തായാലും നമുക്ക് കാത്തിരുന്നുകാണാം.

Leave a comment