Cricket cricket worldcup Cricket-International Top News

ടി20 ലോകകപ്പ് ക്രിക്കറ്റിൽ നെതർലൻഡ്‌സിനെ കീഴടക്കി ബംഗ്ലാദേശ്

October 24, 2022

author:

ടി20 ലോകകപ്പ് ക്രിക്കറ്റിൽ നെതർലൻഡ്‌സിനെ കീഴടക്കി ബംഗ്ലാദേശ്

ടി20 ലോകകപ്പ് ക്രിക്കറ്റിൽ അവസാന ഓവർ ത്രില്ലറിൽ നെതർലൻഡ്‌സിനെ കീഴടക്കി ബംഗ്ലാദേശ്. ആവേശകരമായ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ ഒന്‍പത് റണ്‍സിനാണ് ബംഗ്ലാദേശ് തോൽപ്പിച്ചത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 145 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ നെതര്‍ലന്‍ഡ്‌സ് നിശ്ചിത ഓവറില്‍ 135 റണ്‍സിന് ഓള്‍ ഔട്ടായി.

4 ഓവറില്‍ 25 റണ്‍സിന് നാല് വിക്കറ്റുമായി ടസ്‌കിന്‍ അഹമ്മദാണ് ജയമൊരുക്കിയത്. ഹസന്‍ മഹ്മൂദ് രണ്ടും ഷാക്കിബ് അല്‍ ഹസനും സൗമ്യ സര്‍ക്കാരും ഓരോ വിക്കറ്റും നേടി. മറുപടി ബാറ്റിംഗില്‍ ടസ്‌കി‌ന്‍ അഹമ്മദിന് മുന്നില്‍ തുടക്കത്തിലെ തലപോയ നെതര്‍ലന്‍ഡ്‌സിന് ടോപ് ത്രീ ബാറ്റര്‍മാരടക്കം നാല് പേരെ 3.4 ഓവറില്‍ നഷ്‌ടമാകുമ്പോള്‍ 15 റണ്‍സ് മാത്രമാണ് സ്കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്. ഇന്നിംഗ്‌സിലെ ആദ്യ രണ്ട് പന്തിലും വിക്കറ്റുമായി ടസ്‌കിന്‍ കൊടുങ്കാറ്റാവുകയായിരുന്നു.

ഒന്നാം പന്തില്‍ തന്നെ വിക്രംജീത് സിംഗിനെ ടസ്‌കിന്‍, യാസിര്‍ അലിയുടെ കൈകളിലെത്തിച്ചു. രണ്ടാം പന്തില്‍ ബാസ് ഡി ലീഡ് നുരുല്‍ ഹസന്‍റെ കൈകളില്‍ അവസാനിച്ചു. പിന്നീട് നാലാമനായി ക്രീസിലെത്തിയ കോളിന്‍ അക്കര്‍മാന്റെ തകര്‍പ്പന്‍ ബാറ്റിങ് നെതര്‍ലന്‍ഡ്‌സിന്റെ പ്രതീക്ഷകള്‍ സജീവമാക്കി. ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും അക്കര്‍മാന്‍ തകര്‍ത്തടിച്ചു. താരം 48 പന്തുകളില്‍ നിന്ന് ആറ് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും സഹായത്തോടെ 62 റണ്‍സെടുത്തു.

17-ാം ഓവറില്‍ അക്കര്‍മാന്‍ പുറത്തായതോടെ ബംഗ്ലാദേശ് ഏകദേശം വിജയമുറപ്പിച്ചിരുന്നു. എന്നാല്‍ അവസാന ഓവറുകളില്‍ അപ്രതീക്ഷിതമായി റണ്‍സടിച്ച് പോള്‍ വാന്‍ മീക്കെറെന്‍ ബംഗ്ലാദേശിനെ ഞെട്ടിച്ചു. 11-ാമനായി ക്രീസിലെത്തിയ മീക്കെറെന്‍ 14 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത് അവസാന ഓവറുകളില്‍ നെതര്‍ലന്‍ഡ്‌സിന് പ്രതീക്ഷ പകര്‍ന്നെങ്കിലും അദ്ദേഹത്തിന് വിജയം നേടിയെടുക്കാനായില്ല.

Leave a comment