Cricket Cricket-International Top News

ടോം മൂഡി ശ്രീലങ്കൻ ക്രിക്കറ്റ് ഡയറക്ടർ സ്ഥാനം ഒഴിയുന്നതായി റിപ്പോർട്ട്

September 19, 2022

author:

ടോം മൂഡി ശ്രീലങ്കൻ ക്രിക്കറ്റ് ഡയറക്ടർ സ്ഥാനം ഒഴിയുന്നതായി റിപ്പോർട്ട്

അടുത്ത മാസം ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി മുൻ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ടോം മൂഡി ശ്രീലങ്കൻ ക്രിക്കറ്റ് ഡയറക്ടർ സ്ഥാനം ഒഴിയാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. പരസ്പര ഉടമ്പടിയിലൂടെ അദ്ദേഹത്തിന്റെ കരാർ അവസാനിപ്പിച്ചതായും ശ്രീലങ്കൻ ക്രിക്കറ്റ് (SLC) സെക്രട്ടറി മോഹൻ ഡി സിൽവയും ഇത് സ്ഥിരീകരിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

അതേസമയം തന്റെ പോസ്റ്റ് ഒഴിയുന്നതിനെ പറ്റി മൂഡി ഇതുവരെ അഭിപ്രായങ്ങളൊന്നും പറഞ്ഞിട്ടില്ല. എന്നാൽ യുഎഇ ആസ്ഥാനമായുള്ള ഇന്റർനാഷണൽ ലീഗ് ടി20യിൽ ഡെസേർട്ട് വൈപ്പേഴ്‌സ് ഫ്രാഞ്ചൈസിയുടെ ഡയറക്ടറായി മൂഡി സ്ഥാനം ഏറ്റെടുക്കാൻ തയാറാവുകയാണെന്നും വാർത്തകളുണ്ട്.

മൂഡി മുമ്പ് ശ്രീലങ്കയുടെ മുഖ്യ പരിശീലകനായും സേവനമനുഷ്ഠിച്ചിട്ടുള്ളയാളാണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ശ്രീലങ്കൻ ക്രിക്കറ്റ് ഡയറക്ടറായി ടോം മൂഡി നിയമിതനാവുന്നത്. സൂപ്പർ 12 ഘട്ടത്തിലേക്ക് യോഗ്യത നേടുന്നതിനായി ഐസിസി ടി20 ലോകകപ്പ് 2022 യോഗ്യതാ മത്സരങ്ങൾക്കായി തയ്യാറെടുക്കുന്ന ശ്രീലങ്കൻ ടീമിന് ടോം മൂഡിയുടെ പുറത്താകൽ തീർച്ചയായും വലിയ തിരിച്ചടിയാണ്.

നെതർലൻഡ്‌സ്, നമീബിയ, യുഎഇ എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലാണ് ശ്രീലങ്ക. ടോം മൂഡിയുടെ പിൻഗാമിയായി ക്രിക്കറ്റ് ഡയറക്ടറായി ആരാകും എത്തുകയെന്നത് ഇനി കണ്ടറിയണം.

Leave a comment