മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യ പരിശീലകനായി മാര്‍ക്ക് ബൗച്ചറിനെ നിയമിച്ചു
ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യ പരിശീലകനായി ദക്ഷിണാഫ്രിക്കയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാര്‍ക്ക് ബൗച്ചറിനെ നിയമിച്ചു. മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യപരിശീലകനായിരുന്ന മഹേല ജയവര്‍ധനെ ടീമിന്റെ ഗ്ലോബല്‍ ഹെഡ്ഡായി മാറിയതോടെയാണ് ബൗച്ചറിന് അവസരം വന്നത്.
ദക്ഷിണാഫ്രിക്കന്‍ ദേശീയ ടീമിന്റെ പരിശീലകസ്ഥാനം ഉപേക്ഷിച്ച ബൗച്ചര്‍ ഉടന്‍ ഇന്ത്യയിലെത്തും. ടി20 ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ബൗച്ചര്‍ ദക്ഷിണാഫ്രിക്കയുടെ പരിശീലകസ്ഥാനം ഉപേക്ഷിച്ചത്.
മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനാകാന്‍ ഭാഗ്യം ലഭിച്ചത് വലിയ അംഗീകാരമായി കാണുന്നുവെന്ന് ബൗച്ചര്‍ പറഞ്ഞു. മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യപരിശീലകനായത് വലിയ അംഗീകാരമായി കരുതുന്നു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് മുംബൈ ഇന്ത്യന്‍സ്. ടീമിന്റെ ചരിത്രവും നേട്ടങ്ങളും സമാനതകളില്ലാത്തതാണെന്ന് സ്ഥാനമേറ്റെടുത്ത ശേഷം ബൗച്ചര്‍ പറഞ്ഞു.
2019-ലാണ് ബൗച്ചര്‍ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ പരിശീലകനായി സ്ഥാനമേറ്റത്. ടെസ്റ്റില്‍ 11 വിജയങ്ങളും ഏകദിനത്തില്‍ 12 ഉം ട്വന്റി 20യില്‍ 23 വിജയങ്ങളും ടീമിന് സമ്മാനിക്കാന്‍ ബൗച്ചറിന് സാധിച്ചു.