Cricket Cricket-International Top News

ഏഷ്യാ കപ്പ് 2022; ഹോങ്കോങിനെ കീഴടക്കി ഇന്ത്യ സൂപ്പര്‍ ഫോറില്‍

August 31, 2022

author:

ഏഷ്യാ കപ്പ് 2022; ഹോങ്കോങിനെ കീഴടക്കി ഇന്ത്യ സൂപ്പര്‍ ഫോറില്‍

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഹോങ്കോങിനെ 40 റൺസിന് കീഴടക്കി ഇന്ത്യ സൂപ്പര്‍ ഫോറില്‍. ഗ്രൂപ്പ് എ യിലെ രണ്ടാം മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ സൂര്യകുമാര്‍ യാദവ് (26 പന്തില്‍ 68), വിരാട് കോലി (44 പന്തില്‍ 59) എന്നിവരുടെ ബാറ്റിംഗ് കരുത്തില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 192 റണ്‍സാണ് അടിച്ചെടുത്തത്.

മറുപടി ബാറ്റിംഗില്‍ ഹോങ്കോങ്ങിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുക്കാനാണ് സാധിച്ചത്. ആദ്യ മത്സരത്തില്‍ ടീം പാകിസ്ഥാനെ തോല്‍പ്പിച്ചിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 193 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഹോങ് കോങ്ങിന് മികച്ച തുടക്കമാണ് ലഭിച്ചത്. തുടക്കത്തില്‍ ഓപ്പണര്‍ യാസിം മുര്‍താസയെ നഷ്ടപ്പെട്ടെങ്കിലും ഹോങ് കോങ് പതറിയില്ല.

ബാബര്‍ ഹയാത് (41), കിഞ്ചിത് ഷാ (30), സീഷന്‍ അലി (26), സ്‌കോട്ട് മെക്കന്‍സി (16) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 152 റൺസെടുക്കാനെ ഹോങ്കോങിന് സാധിച്ചുള്ളൂ. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വര്‍ കുമാര്‍, രവീന്ദ്ര ജഡേജ, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Leave a comment