വിൻഡീസ് പരമ്പരയിൽ ഇന്ത്യയുടെ രണ്ട് സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് റിപ്പോർട്ട്
ഈ മാസം അവസാനം വെസ്റ്റ് ഇൻഡീസിനെതിരായ എട്ട് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യയുടെ വൈറ്റ് ബോൾ ടീമിലെ രണ്ട് സ്ഥിരം അംഗങ്ങൾക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് റിപ്പോർട്ട്. ഒഴിവാക്കേണ്ട കളിക്കാരെ ഇതുവരെ നിശ്ചയിച്ചിട്ടില്ലെങ്കിലും സീനിയർ താരങ്ങൾക്കായിരിക്കും ബിസിസിഐ വിശ്രമം അനുവദിക്കുക.
വെസ്റ്റ് ഇൻഡീസിനെതിരെ ജൂലൈ 22 നും ഓഗസ്റ്റ് ഏഴിനും ഇടയിൽ വിൻഡീസിലും യുഎസിലും ഇന്ത്യ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളും കളിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സ്ക്വാഡുകളുടെ പ്രഖ്യാപനം നടക്കേണ്ടിയിരുന്നെങ്കിലും ദേശീയ സെലക്ടർമാർ മറ്റ് കാര്യങ്ങളിൽ അന്തിമതീരുമാനം നൽകാത്തതിനാൽ വൈകുകയായിരുന്നു.
ഇംഗ്ലണ്ടിൽ ടീമിനൊപ്പം യാത്ര ചെയ്യുന്ന സെലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമ്മ എഡ്ജ്ബാസ്റ്റൺ ടെസ്റ്റിന്റെ അവസാന ദിനത്തിന് ശേഷം രോഹിത് ശർമ്മ, വിരാട് കോലി, ജസ്പ്രീത് ബുംറ, റിഷഭ് പന്ത് തുടങ്ങിയ കളിക്കാരുമായി ഇതുസംബന്ധിച്ച കാര്യങ്ങൾ സംസാരിച്ചേക്കും. സ്വന്തം നാട്ടിൽ നടന്ന ദക്ഷിണാഫ്രിക്ക പരമ്പരയും നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റിലും കളിക്കാതിരുന്ന രോഹിത് ശർമ പരമ്പരയിൽ ഉണ്ടാവുമെന്നാണ് അറിയാൻ കഴിയുന്നത്.