ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചുവരവിനൊരുങ്ങി ഇംഗ്ലണ്ട് ഓള് റൗണ്ടര്‍ മൊയീന്‍ അലി
ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചുവരവിനൊരുങ്ങി ഇംഗ്ലണ്ട് ഓള് റൗണ്ടര്‍ മൊയീന്‍ അലി. വരാനിരിക്കുന്ന പാക്കിസ്ഥാന് പര്യടനത്തിനുള്ള ടീമിലേക്ക് തന്നെ പരിഗണിക്കാമെന്നും ടെസ്റ്റ് ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കല്‍ ഔദ്യോഗികമായി പിന്‍വലിക്കുകയാണെന്നും താരം ഇംഗ്ലണ്ട് പരിശീലകന് ബ്രണ്ടന്‍ മക്കല്ലത്തെ അറിയിച്ചതായുമാണ് റിപ്പോർട്ടുകൾ.
2014-ല്‍ ശ്രീലങ്കക്കെതിരെ ലോര്‍ഡ്സിലായിരുന്നു മൊയീന്‍ അലിയുടെ ടെസ്റ്റ് അരങ്ങേറ്റം. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് മൊയീന്‍ അലി ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. ഇംഗ്ലണ്ടിനായി 64 ടെസ്റ്റുകളില്‍ കളിച്ച അലി അഞ്ച് സെഞ്ചുറികള്‍ ഉള്‍പ്പെടെ 2916 റണ്‍സും 194 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. അഞ്ച് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുള്ള താരം 53 റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്തതാണ് ഏറ്റവും മികച്ച ബോളിംഗ് പ്രകടനം. അതേസമയം 155 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്കോര്‍.