European Football Foot Ball Top News transfer news

ചുവാമെനിയെ സ്വന്തമാക്കിയതു സ്ഥിരീകരിച്ച് റയൽ മാഡ്രിഡ്

June 11, 2022

author:

ചുവാമെനിയെ സ്വന്തമാക്കിയതു സ്ഥിരീകരിച്ച് റയൽ മാഡ്രിഡ്

മൊണാക്കോയുടെ ഫ്രഞ്ച് മധ്യനിര താരമായ ഒറേലിയൻ ചുവാമെനിയെ സ്വന്തമാക്കിയത് ഔദ്യോഗികമായി സ്ഥിരീകരിച്ച് സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ്. ആറു വർഷത്തെ കരാറിലാണ് ഇരുപത്തിരണ്ടു വയസുള്ള താരം യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ലോസ് ബാൽക്കോൺസിലേക്ക് എത്തുന്നത്. ചൗമേനിക്കായി 100 മില്യണിലധികം (85 മില്യൺ പൗണ്ട്) തുകയാണ് റയൽ മുടക്കിയിരിക്കുന്നത്.

അന്റോണിയോ റുഡിഗറെ ഫ്രീ ട്രാൻസ്‌ഫറിൽ സ്വന്തമാക്കിയതിനു പിന്നാലെയാണ് റയൽ മാഡ്രിഡ് ചുവാമെനിയെയും ടീമിലെത്തിച്ചിരിക്കുന്നത്. ജൂൺ 14 ചൊവ്വാഴ്ച്ചയാണ് നൂറു മില്യൺ യൂറോ നൽകി സ്വന്തമാക്കിയ താരത്തെ റയൽ മാഡ്രിഡ് ആരാധകരുടെ മുന്നിൽ അവതരിപ്പിക്കുകയെന്നും ക്ലബ് സ്ഥിരീകരിച്ചിട്ടുണ്ട്. ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ്, പിഎസ്‌ജി എന്നീ ടീമുകളും യുവതാരത്തിനായി രംഗത്തുണ്ടായിരുന്നെങ്കിലും ചുവാമെനി റയലിലേക്ക് ചേക്കേറാനാണ് താത്പര്യം പ്രകടിപ്പിച്ചത്.

ഇക്കഴിഞ്ഞ സീസണിൽ മൊണാക്കോയെ ലീഗിൽ മൂന്നാം സ്ഥാനത്ത് എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ച താരമാണ് ചുവാമെനി. 35 ലീഗ് മത്സരങ്ങളും പതിനൊന്നു യൂറോപ്യൻ മത്സരങ്ങളിലും കളത്തിലിറങ്ങിയ ഡിഫെൻസിവ് മിഡ്‌ഫീൽഡിൽ കളിക്കുന്ന താരം രണ്ടു ഗോളുകൾ നേടുകയും മൂന്നു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്‌തിട്ടുണ്ട്‌. കസിമെരോയുടെ പകരക്കാരനായി വളർത്തിയെടുക്കാനാണ് റയൽ താരത്തിനെ ഇപ്പോഴേ ടീമിൽ എത്തിച്ചിരിക്കുന്നത്.

Leave a comment