ശ്രീലങ്കൻ പര്യടനത്തിനായുള്ള ടീമിനെ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ
ഈ വർഷം ജൂൺ-ജൂലൈ മാസങ്ങളിൽ നടക്കുന്ന ശ്രീലങ്കൻ പര്യടനത്തിനായുള്ള ടീമിനെ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. ശക്തമായ ടീമിനെ അണിനിരത്തിയാണ് ഓസീസ് ലങ്കൻ പര്യടനത്തിനായി തയാറെടുക്കുന്നത്. മൂന്ന് ടി20, അഞ്ച് ഏകദിനങ്ങൾ, രണ്ട് ടെസ്റ്റ് മത്സരങ്ങൾ എന്നിവയാണ് പരമ്പരയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഐപിഎൽ കാരണം പാകിസ്ഥാൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പര നഷ്ടമായ മിക്ക കളിക്കാരും ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. മതിയായ വിശ്രമം അനുവദിക്കുന്നതിന്റെ ഭാഗമായി പാറ്റ് കമ്മിൻസിനെ ടി20 ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം ടെസ്റ്റ് ടീമിൽ ഓപ്പണർ മാർക്കസ് ഹാരിസ്, പേസ് ബോളർ സ്റ്റെക്കെറ്റി എന്നിവരെ ക്രിക്കറ്റ് ഓസ്ട്രേലിയ ഒഴിവാക്കി.
മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ്, ഗ്ലെൻ മാക്സ്വെൽ, ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, മാത്യു വെയ്ഡ് എന്നീ പ്രമുഖരെയെല്ലാം ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം പാക്കിസ്ഥാനിൽ തന്റെ കന്നി ഏകദിന സെഞ്ചുറി നേടിയ ബെൻ മക്ഡെർമോട്ടിനെ ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കുഞ്ഞു ജനിക്കുന്നതിനാൽ കുടുംബത്തോടൊപ്പം നിൽക്കാൻ ആഗ്രഹം പ്രകടിപ്പിച്ച ആദം സാമ്പയെയും ശ്രീലങ്കൻ പര്യടനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.