Cricket Cricket-International Top News

ദക്ഷിണാഫ്രിക്കയിലെ ആദ്യ ഏകദിന പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്

March 24, 2022

author:

ദക്ഷിണാഫ്രിക്കയിലെ ആദ്യ ഏകദിന പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്

ദക്ഷിണാഫ്രിക്കയ്ക്കെതിരെ പുതുചരിത്രം കുറിച്ച് ബംഗ്ലാദേശ്. ദക്ഷിണാഫ്രിക്കയെ അവരുടെ നാട്ടില്‍ ചെന്ന് കീഴടക്കി ഏകദിന പരമ്പര നേടിയാണ് ബംഗ്ലാ കടുവകൾ ചരിത്രനേട്ടം കൈവരിച്ചിരിക്കുന്നത്. ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഒമ്പത് വിക്കറ്റ് ജയവുമായി 2-1 ന് ആണ് ബംഗ്ലാദേശ് ദക്ഷിണാഫ്രിക്കയിലെ ആദ്യ ഏകദിന പരമ്പര സ്വന്തമാക്കിയിരിക്കുന്നത്.

ജനുവരിയില്‍ നടന്ന ഏകദിന പരമ്പരയില്‍ ഇന്ത്യയെ 3-0ന് തകര്‍ത്തുവിട്ട ദക്ഷിണാഫ്രിക്കയെ തേൽപ്പിക്കാൻ ബംഗ്ലാദേശിനായത് ശ്രദ്ധേയമായി. നേരത്തെ ടോസ് നേടി ക്രീസിലിറങ്ങിയ ദക്ഷണിഫ്രിക്കയെ വെറും 154 റണ്‍സിന് എറിഞ്ഞൊതുക്കിയ ബംഗ്ലാദേശ് 26.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തിലാണ് ജയവും പരമ്പരയും സ്വന്തമാക്കിയത്.

82 പന്തില്‍ 87 റണ്‍സുമായി പുറത്താകാതെ നിന്ന നായകൻ തമീം ഇക്ബാലാണ് ബംഗ്ലാദേശിന് വിജയം സമ്മാനിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ ജാനേമന്‍ മലനും(39) ക്വിന്‍റണ്‍ ഡീ കോക്കും(12) ചേര്‍ന്ന് 6.5 ഓവറില്‍ 46 റണ്‍സടിച്ച് മികച്ച തുടക്കം നൽകിയിരുന്നു. എന്നാൽ 83-5 എന്ന സ്കോറിലേക്ക് പ്രോട്ടീസ് വീഴുന്നതാണ് കാണാനായത്.

ബംഗ്ലാദേശിനായി ടസ്കിന്‍ അഹമ്മദ് അഞ്ച് വിക്കറ്റെടുത്ത് തിളങ്ങി. ഷാക്കിബ് അൽ ഹസൻ രണ്ടും മെഹിദി ഹസൻ ഒന്നും വിക്കറ്റെടുത്ത് മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ചെറിയ സ്കോർ വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ് 27-ാം ഓവറിൽ ഒരു വിക്കറ്റ് നഷ്‌ടത്തിൽ കളി ജയിക്കുകയായിരുന്നു.

Leave a comment