Cricket Cricket-International Stories Top News

കുംബ്ലെയുടെ ഒരേ ഒരു സെഞ്ചുറി – ഒരു പക്ഷെ ഇന്ത്യക്കാർ ഏറ്റവും ആസ്വദിച്ച സെഞ്ചുറിയും അതാവാം !!

March 13, 2020

കുംബ്ലെയുടെ ഒരേ ഒരു സെഞ്ചുറി – ഒരു പക്ഷെ ഇന്ത്യക്കാർ ഏറ്റവും ആസ്വദിച്ച സെഞ്ചുറിയും അതാവാം !!

11 മനായി മലയാളി താരം ശ്രീശാന്ത് പിച്ചിന് നടുവിലേക്ക് എത്തുമ്പോൾ മറുതലക്കൽ നിൽക്കുന്ന കളിക്കാരൻ 76 റൺസ് എടുത്ത് നിൽക്കുകയായിരുന്നു .അദ്ദേഹത്തിന് സെഞ്ചുറി നഷ്ടമാകുമെന്ന് തോന്നിച്ച നിമിഷങ്ങൾ.

ക്രീസിലെത്തിയ ശ്രീശാന്ത് പറഞ്ഞു .

“താങ്കൾ തീർച്ചയായും ഒരു സെഞ്ചുറി അർഹിക്കുന്നു. ഞാൻ എങ്ങനെയെങ്കിലും പിടിച്ചു നിന്നോളാം ”

ടെസ്റ്റ് ക്രിക്കറ്റിൽ ഒരു സെഞ്ചുറി നേടിയപ്പോൾ ഏറ്റവുമധികം ആഹ്ലാദിച്ചിട്ടുണ്ടാകുക ആരാകും. അത് സച്ചിനോ കോലിയോ ബ്രാഡ്മാനോ ലാറയോ ഒന്നും ആയിരിക്കില്ല .ഒരു യന്ത്രം പോലെ സെഞ്ചുറി അടിച്ചു കൂട്ടുമ്പോൾ ചിലപ്പോൾ അവർക്കും ആരാധകർക്കും ചില വേളകളിൽ മടുപ്പ് പോലും തോന്നിയിട്ടുണ്ടാകാം .17 വർഷങ്ങൾ നീണ്ടു നിന്ന കരിയറിൽ 100 ടെസ്റ്റുകളിൽ കൂടുതൽ കളിച്ചിട്ടും മികച്ച ബാറ്റിങ്ങ് കഴിവ് ഉണ്ടായിട്ടും അതു വരെ സെഞ്ചുറി അടിക്കാൻ പറ്റാത്ത ഒരാൾക്ക് തന്റെ 36 വയസ് ,297 ദിവസം പ്രായം പിന്നിട്ട് 118 മം മാച്ചിൽ ഒരു സെഞ്ചുറി കണ്ടെത്താൻ പറ്റിയെങ്കിൽ അതിനോളം സന്തോഷം വേറെ ഏത് സെഞ്ചുറിക്കായിരിക്കും ??

“മൂന്നാം ടെസ്റ്റ് തുടങ്ങുന്നതിന് മുൻപുള്ള ടീം മീറ്റിങ്ങിൽ നമ്മുടെ ബാറ്റ്സ്മാൻമാർ സെഞ്ചുറി കണ്ടെത്തേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞിരിക്കുന്നു എന്ന് ഞാൻ പറഞ്ഞിരുന്നു .എന്നാൽ അത് ഞാൻ തന്നെയാകും എന്ന് സ്വപ്നത്തിൽ പോലും ഞാൻ കരുതിയിരുന്നില്ല .സ്കോർ 60 ലെത്തിയപ്പോൾ ചായ സമയത്ത് വീണ്ടും ഞാൻ തമാശയായി പറഞ്ഞു .മിക്കവാറും ഇപ്രാവശ്യം സെഞ്ചുറി നേട്ടം എന്റെ ഊഴമായിരിക്കും ”

ഓവലിൽ മൂന്നാം ടെസ്റ്റ് തുടങ്ങുന്നതിന് മുൻപ് ഇംഗ്ലണ്ട് പരമ്പരയിൽ 1-0 ന് മുന്നിലായിരുന്നു .ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ തുടക്കം നന്നായിരുന്നു .354 ന് 5 ലെത്തിയപ്പോൾ ലക്ഷ്മണും 417 ന് 6 ലെത്തിയപ്പോൾ സച്ചിനും പുറത്തായി .ക്രീസിൽ ധോണിയും കുംബ്ലെയും .ധോണി തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബൗളർമാരെ ഒട്ടും കൂസാതെ കടന്നാക്രമിച്ചപ്പോൾ കുംബ്ളെ സപ്പോർട്ടിങ് റോളിൽ പിന്തുണ നൽകി .സ്കോർ 508 ലെത്തിയപ്പോൾ 81 പന്തിൽ 92 റൺസടിച്ച് ധോണി 7 മം വിക്കറ്റായി പുറത്ത് പോയി .

ധോണി മടങ്ങുമ്പോൾ കുംബ്ലെ 109 പന്തിൽ 50 ആയിരുന്നു. പിന്നീട് വന്ന സഹീർ ഖാൻ പതിവിന് വിപരീതമായി 52 പന്തുകൾ പിടിച്ചു നിന്ന് 11 റൺസെടുത്ത് പുറത്താകുമ്പോൾ കുംബ്ലെയുടെ സ്കോർ 67 മാത്രമായിരുന്നു .ഇന്ത്യയുടെ സ്കോർ 8 ന് 570 ഉം .തുടർന്ന് വന്ന RP സിംഗ് 21 പന്തിൽ 11 റണ്ണുമായി 9 മനായി പുറത്താകുമ്പോൾ കുംബ്ലെ 76 .മലയാളി ശ്രീശാന്ത് മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ ഇന്നിങ്സ് ഏതാണ്ട് അവസാനിച്ചുവെന്നുറപ്പായി.11 വർഷം മുൻപ് 1996 ൽ ഈഡൻ ഗാർഡനിൽ ഡൊണാൾഡ് ,മക്മില്ലൻ ,ക്ലൂസ്നർ എന്നിവർ ഉൾപ്പെട്ട ബൗളിങ് നിരക്കെതിരെ 124 പന്തിൽ 88 റൺസെടുത്ത് പുറത്തായി സെഞ്ചുറി നഷ്ടത്തിൻ്റെ വേദന അനുഭവിച്ച കുംബ്ലെയ്ക്ക് വീണ്ടും ഒരു സെഞ്ചുറി കൈയ്യകലത്തിൽ നഷ്ടമാകുമെന്ന് തോന്നിച്ച സന്ദർഭം .

11 മനായ ശ്രീശാന്ത് പക്ഷെ ക്രീസിലെത്തിയ ഉടനെ കുംബ്ലെക്ക് നൽകിയ വാക്ക് പൂർണമായും ശരി വെക്കുന്ന പ്രകടനമാണ് കാഴ്ച വെച്ചത് .97 ൽ നിൽക്കെ കുംബ്ലെക്ക് ശ്രദ്ധ നഷ്ടമായി.കെവിൻ പീറ്റേഴ്സണിൻ്റെ പന്ത് ചാടിയിറങ്ങി ഡ്രൈവ് ചെയ്യാൻ ശ്രമിച്ചപ്പോൾ ബാറ്റിനരികിൽ തട്ടി വിക്കറ്റ് കീപ്പർ മാറ്റ് പ്രയറിൻ്റെ കാലിനടിയിലൂടെ ഫൈൻ ലെഗിലൂടെ ബൗണ്ടറി ലൈൻ കടന്നപ്പോൾ കുംബ്ലെയുടെ സെഞ്ചുറിക്ക് ഭാഗ്യത്തിൻ്റെ കടാക്ഷവും ഉണ്ടായിരുന്നു .

ഹെൽമറ്റ് ഊരി ,ഡ്രെസിംഗ് റൂമിന് നേരെ ബാറ്റ് വീശിയ കുംബ്ലെയുടെ മുഖം ഓരോ ക്രിക്കറ്റ് പ്രേമിക്കും എന്തെന്നില്ലാത്ത ആനന്ദമാണ് സമ്മാനിച്ചത് .20 വർഷത്തോളം ഒരു രാജ്യത്തിൻ്റെ മുഴുവൻ ബൗളിങ് ഭാരവും ചുമലിലേന്തി ഒരു പാട് വിജയങ്ങൾ നേടിക്കൊടുത്ത ചാമ്പ്യന് ജൂനിയർ തലങ്ങളിൽ കാഴ്ച വെച്ച ബാറ്റിങ് മികവ് അന്താരാഷ്ട്ര തലത്തിൽ പൂർണമായും പുറത്തെടുക്കാൻ പറ്റിയിരുന്നില്ല .

193 പന്തിൽ 16 ഫോറുകളുമടക്കം പുറത്താകാതെ 110 റൺ നേടിയ കുംബ്ലെ ടീമിനെ 664 റൺസിലെത്തിച്ചു .കൂടെ ഉറച്ചു നിന്ന ശ്രീശാന്തിൻ്റെ പ്രകടനം ശ്രദ്ധേയമായിരുന്നു .32 പന്തിൽ 35 റൺ നേടിയ ശ്രീശാന്ത് കുംബ്ലെ ക്കൊപ്പം അവസാന വിക്കറ്റിൽ 73 റൺസിൻ്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു.

സമനിലയിൽ കലാശിച്ച ആ മത്സരത്തിൽ ഇന്ത്യയുടെ ആദ്യ ഇന്നിങ്സിൽ 8 അർധ സെഞ്ചുറി കുട്ടുകെട്ടുകൾ ഉണ്ടായിരുന്നു !! ബാറ്റ് ചെയ്ത 11 പേരും രണ്ടക്കം കടന്ന അപൂർവ സവിശേഷതയും .

ടെസ്റ്റ് ക്രിക്കറ്റിൽ ഒരു സെഞ്ചുറി നേടാൻ ഏറ്റവും കൂടുതൽ ടെസ്റ്റുകൾ കളിച്ച താരം എന്ന റെക്കോർഡ് കൂടി കുറിച്ച കുംബ്ലെ ആ സീരീസിൽ സെഞ്ചുറി നേടിയ ഒരേയൊരു ഇന്ത്യക്കാരനുമായി .

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 7 സെഞ്ചുറികൾ കുറിച്ചിട്ടും ഒരു ടെസ്റ്റ് സെഞ്ചുറി എന്ന സ്വപ്നം ക്രിക്കറ്റ് അദ്ദേഹത്തിൻ്റെ കിടയറ്റ സംഭാവനകൾക്ക് തിരിച്ചു നൽകിയ സമ്മാനമാകാം .ആ സെഞ്ചുറി ഇന്ത്യക്കാരെ അത്രയേറെ സന്തോഷിപ്പിച്ചിട്ടുണ്ടെങ്കിൽ അത് കുംബ്ളെ എന്ന ക്രിക്കറ്റിലെ മാന്യനോടുള്ള സ്നേഹം തന്നെയാണ് .

Dhanesh Damodaran

Leave a comment