മൂന്നാം ടി20 മത്സരവും മഴമൂലം മുടങ്ങി, പരമ്പര ഇന്ത്യക്ക്
ന്യൂസീലൽഡിനെതിരായ മൂന്നാം ടി20 മത്സരവും മഴമൂലം മുടങ്ങി. ഇതോടെ ഇന്നത്തെ മത്സരം ടൈയിൽ അവസാനിച്ചു. രണ്ടാം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ മത്സരം മഴമൂലം തടസപ്പെട്ടതോടെ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം ടൈയിൽ അവസാനിക്കുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര 1–0ന് ഇന്ത്യ സ്വന്തമാക്കി.
മഴ മൂലം വൈകിയാണ് മത്സരം ആരംഭിച്ചത്. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത് ന്യൂസീലൻഡ് 19.4 ഓവറിൽ പത്തു വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നാലു വിക്കറ്റിന് 75 എന്ന നിലയിൽ നിൽക്കുമ്പോൾ മഴ വീണ്ടും വില്ലനായി എത്തി. മഴ മൂലം കളി തടസ്സപ്പെടുമ്പോൾ ജയിക്കാൻ 76 റൺസാണ് ഇന്ത്യയ്ക്കു വേണ്ടിയിരുന്നത്. 75 റണ്‍സ് ആയതിനാൽ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം മത്സരം ടൈ ആയി. രണ്ടാം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്.
ഇഷാൻ കിഷൻ (10) റിഷഭ് പന്ത് (11), സൂര്യകുമാർ യാദവ് (13), ശ്രേയസ് അയ്യർ (0) എന്നിവർ വേഗം മടങ്ങിയപ്പോൾ ഇന്ത്യ സമ്മർദത്തിലായി. എന്നാൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ ചെറുത്തുനിൽപ്പാണ് ഇന്ത്യയെ സഹായിച്ചത്. മഴകളി മുടക്കുമ്പോൾ 18 പന്തിൽ 30 റൺസെടുത്ത് പുറത്താകാതെ ഹാർദിക് ക്രീസിലുണ്ടായിരുന്നു.






































