ന്യൂസീലന്‍ഡിനെതിരായ ആദ്യ ട്വന്റി 20 മത്സരം മഴ മൂലം വൈകുന്നു
ന്യൂസീലന്‍ഡിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തില്‍ മഴ വില്ലനാകുന്നു. കനത്ത മഴമൂലം മത്സരം തുടങ്ങാന്‍ വൈകും. ടോസിടാന്‍ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. ട്വന്റി 20 ലോകകപ്പിന്റെ സെമിഫൈനലുകളില്‍ കാലിടറിയ ടീമുകളാണ് മുഖാമുഖം വരുന്നത്. ലോകകപ്പിലെ തിരിച്ചടികളില്‍നിന്ന് ഒരു വിജയവുമായി കരകയറേണ്ടത് ഇരുടീമുകള്‍ക്കും അനിവാര്യം.
കെയ്ന്‍ വില്യംസണിന്റെ നേതൃത്വത്തിലുള്ള ഒന്നാംനിര ടീമിനെ ന്യൂസീലന്‍ഡ് അണിനിരത്തുമ്പോള്‍ ഇന്ത്യയുടേത് യുവനിരയാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, കെഎല്‍ രാഹുല്‍ തുടങ്ങിയ സീനിയര്‍ താരങ്ങള്‍ ടീമിലില്ല. ഹാര്‍ദിക് പാണ്ഡ്യ നായകനായ ടീമില്‍ മലയാളി താരം സഞ്ജു സാംസണുമുണ്ട്. ശുഭ്മാന്‍ ഗില്‍ ഇന്ത്യന്‍ നിരയില്‍ അരങ്ങേറ്റം നടത്തിയേക്കാം. ഗില്ലും ഇഷാനും ചേര്‍ന്നായിരിക്കും ഓപ്പണിങ്. റിഷഭ് പന്തിനെയും പരീക്ഷിക്കാന്‍ സാധ്യതയുണ്ട്.
ശ്രേയസ് അയ്യര്‍ മൂന്നാം നമ്പറിലെത്തും. സഞ്ജു സാംസണ് ആകും സൂര്യയുടെ നാലാം നമ്പറില്‍ കളിക്കുക. അഞ്ചാം നമ്പറില്‍ പന്തിന് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും നാളെ വീണ്ടും അവസരം ലഭിച്ചേക്കും. ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഫിനിഷറായി ആറാം നമ്പറിലെത്തുമ്പോള്‍ സ്പിന്‍ ഓള് റൗണ്ടറായി വാഷിംഗ്ടണ്‍ സുന്ദര്‍ ഏഴാം നമ്പറില്‍ ഇറങ്ങിയേക്കും.
ലോകകപ്പില്‍ അവസരം ലഭിക്കാതിരുന്ന യുസ്വേന്ദ്ര ചാഹല്‍ സ്പിന്നറായി ടീമിലെത്തുമ്പോള്‍ ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന് മാലിക്ക് എന്നിവര്‍ പേസര്‍മാരായി ടീമിലെത്തിയേക്കും.