യുഎഇയിലെ ഇംഗ്ലണ്ട് ലയൺസ് പരിശീലന ക്യാമ്പിലേക്ക് ജോഫ്ര ആർച്ചർ
ഇംഗ്ലണ്ട് പേസ് ബൗളർ ജോഫ്ര ആർച്ചർ ഇംഗ്ലണ്ട് ലയൺസ് പരിശീലന ക്യാമ്പിന്റെ ഭാഗമായി നവംബറിൽ യുഎഇയിൽ എത്തും. നിലവിൽ പരിക്ക് കാരണം വളരെക്കാലമായി ക്രിക്കറ്റിൽ നിന്നും താരം വിട്ടുനിൽക്കുകയാണ്. 2021 മാർച്ചിലാണ് ആർച്ചർ ഇംഗ്ലണ്ടിനായി അവസാനം കളിച്ചത്.
കൈമുട്ടിലെ ശസ്ത്രക്രിയയിൽ നിന്ന് സുഖം പ്രാപിച്ചതിന് ശേഷം ഈ വർഷം തുടക്കത്തിൽ തിരിച്ചെത്താൻ തയാറെടുത്തിരുന്നെങ്കിലും നടുവേദനയെ തുടർന്ന് സാഹചര്യം വഷളാവുകയായിരുന്നു. ദീർഘകാലമായി ക്രിക്കറ്റിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡുമായുള്ള (ഇസിബി) സെൻട്രൽ കരാർ നിലനിർത്താൻ പേസർക്ക് കഴിഞ്ഞു.
എന്നാൽ മടങ്ങിവരുന്ന തീയതി സംബന്ധിച്ച സ്ഥിരീകരണം ഇപ്പോഴും താരം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. എന്നാൽ അടുത്ത വർഷം തുടക്കത്തോടെ ആർച്ചർ ഫിറ്റ്നസ് വീണ്ടെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. അടുത്ത വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പോടെ ഇംഗ്ലണ്ട് നിരയിൽ പൂർണ ശക്തിയോടെ തിരിച്ചെത്താനും ജോഫ്ര ആർച്ചർ ഉന്നമിട്ടിട്ടുണ്ട്.






































