പരിക്ക് വിനയായി, വനിതാ ബിഗ് ബാഷ് ലീഗിൽ ഹർമൻപ്രീത് കൗറിനെ ഒഴിവാക്കി മെൽബൺ റെനഗേഡ്സ്
നടന്നുകൊണ്ടിരിക്കുന്ന വനിതാ ബിഗ് ബാഷ് ലീഗിൽ നിന്ന് സ്റ്റാർ ബാറ്റർ ഹർമൻപ്രീത് കൗറിനെ ഒഴിവാക്കി മെൽബൺ റെനഗേഡ്സ്. നട്ടെല്ലിന് പരിക്കേറ്റതിനാലാണ് താരത്തെ ടൂർണമെന്റിൽ നിന്നും ഒഴിവാക്കുന്നതെന്ന് ടീം മാനേജ്മെന്റ് വ്യക്തമാക്കി.
2022 ലെ വനിതാ ഏഷ്യാ കപ്പിൽ കളിക്കുന്നതിനാൽ മെൽബണിന്റെ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യൻ ക്യാപ്റ്റന് നഷ്ടമാകുമെന്ന് കോച്ച് സൈമൺ ഹെൽമോട്ട് നേരത്തെ അറിയിച്ചിരുന്നു. പരിക്കേറ്റ ഹർമൻപ്രീതിന് പകരക്കാരനായി ഇംഗ്ലണ്ട് താരം ഈവ് ജോൺസ് ഈ സീസണിൽ WBBL ടീമിൽ കളിക്കുമെന്ന് ക്ലബ് സ്ഥിരീകരിക്കുകയും ചെയ്തു.
ഇന്ത്യൻ നായകൻ ഹർമൻപ്രീത് കൗർ മെൽബൺ റെനഗേഡ്സ് ടീമിലെ അവിഭാജ്യ അംഗമായിരുന്നു. വനിതാ ബിഗ് ബാഷ് ലീഗിന്റെ മുൻ വർഷത്തെ എഡിഷനിൽ പ്ലേയർ ഓഫ് ദി ടൂർണമെന്റായി തെരഞ്ഞെടുത്തതും താരത്തിനെയായിരുന്നു.
നടന്നുകൊണ്ടിരിക്കുന്ന ടൂർണമെന്റിൽ റെനഗേഡിന് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. മക്കെയിലെ ഗ്രേറ്റ് ബാരിയർ റീഫ് അരീനയിൽ അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സിനെതിരെ നാല് വിക്കറ്റിന്റെ മികച്ച വിജയത്തോടെയാണ് സീസൺ ആരംഭിച്ചത്. രണ്ടാം മത്സരത്തിൽ ബ്രിസ്ബെയ്ൻ ഹീറ്റിനെതിരെ 21 റൺസിന്റെ വിജയവും കൈപ്പിടിയിലാക്കിയിരുന്നു.






































