പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിനായുള്ള പ്ലേയിംഗ് ഇലവന് റെഡിയാണെന്ന് രോഹിത് ശർമ
ടി20 ലോകകപ്പിലെ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിന് തന്റെ പ്ലേയിംഗ് ഇലവന് ഇപ്പോഴേ റെഡിയാണെന്ന് വ്യക്തമാക്കി ഇന്ത്യൻ നായകൻ രോഹിത് ശർമ. ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം ആദ്യ മത്സരത്തില്‍ നേരിടുക അയല്‍ക്കാരായ പാകിസ്ഥാനെയാണ്.
23-ാം തിയതി നടക്കുന്ന മത്സരത്തിന് ഇപ്പോഴേ ടീം ഇന്ത്യ തയ്യാറായിക്കഴിഞ്ഞു എന്ന് സൂചിപ്പിക്കുന്നതാണ് നായകന് രോഹിത് ശര്‍മ്മയുടെ വാക്കുകള്‍. അവസാന മിനുറ്റുകളിലെ തീരുമാനങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ടീം സെലക്ഷനെ കുറച്ച് നേരത്തെ തന്നെ നമ്മുടെ താരങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ മുന്‍കൂറായി തയ്യാറെടുപ്പുകള്‍ നടത്താന്‍ കഴിയൂ. പാകിസ്ഥാനെതിരായ മത്സരത്തിന് എന്റെ പ്ലേയിംഗ് ഇലവന് ഇപ്പോഴേ റെഡിയാണ്. ആ താരങ്ങളെ ഇക്കാര്യം അറിയിച്ചിട്ടുമുണ്ട്. അവസാനവട്ടം ഓട്ടപ്പാച്ചിലില്‍ വിശ്വാസമില്ലെന്നും രോഹിത് പറഞ്ഞു.
അതേസമയം പരിക്കേറ്റ് സ്ക്വാഡില്‍ നിന്ന് പുറത്തായ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയുടെ പകരക്കാരനായി ഇടംപിടിച്ച മുഹമ്മദ് ഷമിയുടെ കാര്യത്തില്‍ ബ്രിസ്ബേനിലെ പരിശീലന സെഷന് ശേഷം തീരുമാനമെടുക്കും എന്നും ഇന്ത്യൻ നായകൻ വ്യക്തമാക്കിയിട്ടുണ്ട്.






































