ത്രിരാഷ്ട്ര ടി20 ടൂര്‍ണമെന്റില്‍ ന്യൂസീലന്‍ഡിനെ തകര്‍ത്ത് പാകിസ്ഥാന് കിരീടം
ത്രിരാഷ്ട്ര ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആതിഥേയരായ ന്യൂസീലന്‍ഡിനെ തകര്‍ത്ത് കിരീടത്തില്‍ മുത്തമിട്ട് പാകിസ്ഥാന്. ന്യൂസീലന്‍ഡ്, ബംഗ്ലാദേശ് എന്നീ ടീമുകള്‍ പങ്കെടുത്ത ത്രിരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് പാകിസ്ഥാന് കിരീടം നേടിയത്.
ഫൈനലില്‍ കിവീസിനെ പാകിസ്ഥാന് അഞ്ചു വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത് ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം മൂന്ന് പന്തുകള്‍ ശേഷിക്കേ 5 വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാന് മറികടന്നു. 22 പന്തുകളില്‍ നിന്ന് പുറത്താവാതെ 38 റണ്‍സെടുക്കുകയും ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത മുഹമ്മദ് നവാസാണ് പാക് പടയുടെ വിജയശില്‍പ്പി.
പതിഞ്ഞ തുടക്കമായിരുന്നു പാകിസ്ഥാന്. അഞ്ചാം ഓവറില്‍ തന്നെ ക്യാപ്റ്റനും ഓപ്പണറുമായ ബാബര്‍ അസമിനെ (15) നഷ്ടമായി. മുഹമ്മ് റിസ്വാനാവട്ടെ (29 പന്തില്‍ 34) ഏകദിന ശൈലിയിലാണ് ബാറ്റ് വീശീയത് മൂന്നാമനായി ഇറങ്ങിയ ഷാന്‍ മസൂദിനും (21 പന്തില്‍ 19) കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഇരുവരുടേയും വിക്കറ്റ് നഷ്ടമാവുമ്പോള്‍ പാകിസ്ഥാന് 11.3 ഓവറില്‍ മൂന്നിന് 74 എന്ന നിലയിലായിരുന്നു. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന മുഹമ്മദ് നവാസ് (22 ന്തില്‍ പുറത്താവാതെ 38), ഹൈദര്‍ അലി (15 പന്തില്‍ 31) സഖ്യമാണ് പാകിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്.






































