കിവീസിനോടും തോറ്റു, ത്രിരാഷ്ട്ര ട്വന്റി 20 ടൂര്‍ണമെന്റില്‍ നിന്ന് ബംഗ്ലാദേശ് പുറത്ത്
ന്യൂസീലന്‍ഡ് ആതിഥേയത്വം വഹിക്കുന്ന ത്രിരാഷ്ട്ര ട്വന്റി 20 ടൂര്‍ണമെന്റില്‍ നിന്ന് ബംഗ്ലാദേശ് പുറത്ത്. നിര്‍ണായക മത്സരത്തില്‍ കിവീസിനോടും തോറ്റാണ് പരമ്പരയിൽ നിന്നും ബംഗ്ലാദേശ് പുറത്തായിരിക്കുന്നത്. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് നിശ്ചിത ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
ന്യൂസീലന്‍ഡും പാകിസ്ഥാനുമാവും ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലിൽ ഏറ്റുമുട്ടുക. അടുത്ത മത്സരത്തില്‍ ബംഗ്ലാദേശ് പാകിസ്താനെ നേരിടും. എന്നാല്‍ ഈ മത്സരത്തില്‍ വിജയിച്ചാലും ടീമിന് ഫൈനലിലെത്താനാകില്ല. നിലവില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും ബംഗ്ലാദേശ് തോറ്റു. കിവീസ് നാലില്‍ മൂന്നിലും വിജയിച്ചപ്പോള്‍ പാകിസ്ഥാന് മൂന്നില്‍ രണ്ടെണ്ണത്തില്‍ വിജയിച്ചു.
ഫൈനലില്‍ ന്യുസിലന്‍ഡ് പാകിസ്ഥാനെ ഒക്ടോബര്‍ 14 ന് നേരിടും. ഇന്നത്തെ നിർണായക മത്സരത്തിൽ 209 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ബംഗ്ലാദേശിനായി നായകൻ ഷാക്കിബ് അല്‍ ഹസൻ മാത്രമാണ് പൊരുതിയെങ്കിലും നോക്കിയുളളൂ. 44 പന്തുകളില്‍ നിന്ന് 70 റണ്‍സാണ് അടിച്ചെടുത്തത്. ലിട്ടണ്‍ ദാസും സൗമ്യ സര്‍ക്കാരും 23 റണ്‍സ് വീതം നേടി.






































