ലോകകപ്പിനു മുമ്പ് കിവീസിന് ആശ്വാസം, പരിക്കേറ്റ ഡാരിൽ മിച്ചൽ തിരികെയെത്തും
ടി20 ലോകകപ്പിനായി ഓസ്‌ട്രേലിയയിലേക്ക് പറക്കാൻ ഒരുങ്ങി ന്യൂസിലൻഡ് താരം ഡാരിൽ മിച്ചൽ. കഴിഞ്ഞയാഴ്ച കൈയ്ക്ക് പരിക്കേറ്റ താരം ടി20 ലോകകപ്പിനുള്ള കിവീസ് ടീമിലുണ്ടാവുമോ എന്ന സംശയമുണ്ടായിരുന്നെങ്കിലും പരിക്കിൽ നിന്നും താരം മുക്തിയായത് ന്യൂസിലൻഡിന് ആശ്വാസമേകിയത്.
2022ലെ ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പിനായി ന്യൂസിലൻഡ് നിലവിൽ പാകിസ്ഥാൻ-ബംഗ്ലാദേശ് ടീമുകൾ ഉൾപ്പെടുന്ന ടി20 ത്രിരാഷ്ട്ര പരമ്പരയ്ക്ക് ആതിഥേയത്വം വഹിക്കുകയാണ്. കിവീസിനായി രണ്ടാം മത്സരം മുതൽ ഡാരിൽ മിച്ചൽ കളിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സ്ഥിരീകരണം.
നിലവിൽ വലിയ പരിക്കുകളുടെ നീണ്ട നിരയാണ് കിവീസ് നിരയിലുള്ളത്. ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തിൽ ആദം മിൽനെ പരിക്കേറ്റ് പുറത്തായിരുന്നു. എന്നാൽ ചൊവ്വാഴ്ച പാക്കിസ്ഥാനെതിരായ മത്സരത്തിൽ മിൽനെ സുഖം പ്രാപിക്കുമെന്ന് മുഖ്യ പരിശീലകൻ ഗാരി സ്റ്റെഡ് പറഞ്ഞു.
അതേസമയം, ലോക്കി ഫെർഗൂസൺ വയറുവേദനയിൽ നിന്ന് സുഖം പ്രാപിച്ചുകൊണ്ടിരിക്കുകയാണെന്നും നടന്നുകൊണ്ടിരിക്കുന്ന ത്രിരാഷ്ട്ര പരമ്പരയുടെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്നും താരത്തിന് വിശ്രമം അനുവദിച്ചിട്ടുണ്ടെന്നും ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.






































