സെപ്റ്റംബര്‍ മാസത്തിലെ മികച്ച താരങ്ങളെ പ്രഖ്യാപിച്ച് ഐസിസി
സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും മികച്ച താരങ്ങളെ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐസിസി. ഏറ്റവും മികച്ച പുരുഷതാരമായി പാകിസ്ഥാന്റെ മുഹമ്മദ് റിസ്‌വാനെയും വനിതാ താരമായി ഇന്ത്യയുടെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെയുമാണ് ഐസിസി തെരഞ്ഞെടുത്തു.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ഉജ്ജ്വല പ്രകടനമാണ് ഹര്‍മന്‍പ്രീതിനെ പുരസ്‌കാരത്തിനര്‍ഹയാക്കിയത്. ഇന്ത്യയുടെ അക്ഷര്‍ പട്ടേല്‍, ഓസ്‌ട്രേലിയയുടെ കാമറൂണ്‍ ഗ്രീന്‍ എന്നിവരെ മറികടന്നാണ് മുഹമ്മദ് റിസ്‌വാന്‍ മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം നേടിയത. സെപ്റ്റംബറില്‍ റിസ്വാന്‍ അവിശ്വസനീയ പ്രകടനമാണ് പുറത്തെടുത്തത്.
ഇന്ത്യയുടെ തന്നെ സ്മൃതി മന്ഥാന, ബംഗ്ലാദേശിന്റെ നൈഗര്‍ സുല്‍ത്താന എന്നിവരെ മറികടന്നാണ് ഹര്‍മന്‍പ്രീത് പുരസ്‌കാരം നേടിയത്. ഹര്‍മന്‍പ്രീതിന്റെ മികവില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര 3-0 ന് തൂത്തുവാരിയിരുന്നു. 1999 ന് ശേഷം ഇന്ത്യന്‍ വനിതാ ടീം ഇംഗ്ലണ്ടില്‍ ആദ്യമായാണ് പരമ്പര നേടുന്നത്.






































