ടി20 ലോകകപ്പിനായുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ നിന്ന് ഹെറ്റ്മെയര്‍ പുറത്ത്, പകരം ഷംറ ബ്രൂക്സ്
വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനായുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ നിന്ന് വെടിക്കെട്ട് ബാറ്റര്‍ ഷിംറോണ്‍ ഹെറ്റ്മെയര്‍ പുറത്ത്. കൃത്യസമയത്ത് വിമാനത്തില്‍ കയറാത്തതിനെത്തുടര്ന്നാണ് ഹെറ്റ്മെയറെ ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് പുറത്താക്കിയത്. പകരം ഷംറ ബ്രൂക്സിനെ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
ലോകകപ്പിന് മുമ്പ് ഓസ്ട്രേലിയക്കെതിരെ രണ്ട് ടി20 മത്സരങ്ങള്‍ വിന്‍ഡീസ് കളിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഒക്ടോബര്‍ ഒന്നിനായിരുന്നു വിന്‍ഡീസ് താരങ്ങള്‍ക്ക് ഓസ്ട്രേലിയയിലേക്കുള്ള യാത്ര നിശ്ചയിച്ചിരുന്നത്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ എത്താന്‍ കഴിയില്ലെന്ന് അറിയിച്ചിരുന്നു.
പിന്നാലെ താരത്തോട് അടുത്തദിവസത്തെ ഫ്ളൈറ്റിന് എത്താന്‍ പറഞ്ഞു. എന്നാല്‍ കൃത്യസമയത്ത് ഹെറ്റ്മെയര്‍ക്ക് എയര്‍പോര്‍ട്ടില്‍ എത്താന്‍ സാധിച്ചില്ല. കുടുംബപരമായ കാരണങ്ങളെ തുടര്‍ന്നാണ് താരത്തിന് എത്താന്‍ സാധിക്കാതെ പോയത്.
നിക്കോളാസ് പുരാന് നയിക്കുന്ന വിന്‍ഡീസ് ടീം യോഗ്യതാ മത്സരം കളിച്ചുവേണം ലോകകപ്പിലെ സൂപ്പര്‍ ഫോറില്‍ ഇടം നേടാന്‍. യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ബിയിലാണ് വിന്‍ഡീസ് ഉള്ളത്. അയര്‍ലന്‍ഡ്, സ്കോട്ലന്ഡ്, സിംബാബ്വെ എന്നിവയാണ് ഗ്രൂപ്പ് ബിയിലെ മറ്റ് ടീമുകള്‍. ഏറ്റവും മികച്ച രണ്ട് ടീമുകള്‍ സൂപ്പര്‍ 12 ലേക്ക് കടക്കും.






































