ജസ്പ്രീത് ബുംറ ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്, സ്ഥിരീകരിച്ച് ബിസിസിഐ
ട്വന്റി 20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടിയായി പേസര്‍ ജസ്പ്രീത് ബുംറ ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്. പുറം ഭാഗത്തേറ്റ പരിക്കിനെ തുടര്‍ന്നാണിത്. തിങ്കളാഴ്ച വാര്‍ത്താക്കുറിപ്പിലൂടെ ബിസിസിഐ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മെഡിക്കല്‍ സംഘം നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബുമ്രക്ക് ലോകകപ്പില്‍ കളിക്കാനാവില്ലെന്ന് ബിസിസിഐ ഒടുവില്‍ സ്ഥിരീകരിച്ചത്.
ടി20 ലോകകപ്പിലെ ജസ്പ്രീത് ബുമ്രയുടെ പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. നേരത്തെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തിന് മുന്‍പായി നടത്തിയ പരിശീലനത്തിനിടെ പുറംവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബുംറ മത്സരത്തില്‍ നിന്ന് പിന്മാറിയിരുന്നു.
മാത്രമല്ല ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ നിന്ന് ബുംറയെ മാറ്റിനിര്‍ത്തുകയും ചെയ്തു. ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജിനെ ടീമിലെടുക്കുകയും ചെയ്തിരുന്നു. ബുമ്ര കളിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ സിറാജോ ഉമ്രാന് മാലിക്കോ സ്റ്റാന്‍ഡ് ബൈ ലിസ്റ്റിലുള്ള മുഹമ്മദ് ഷമിയോ 15 അംഗ ടീമിലെത്തും.






































