മഴ വില്ലനായി, ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടി20 ടോസ് വൈകുന്നു
ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടി20 മത്സരം മഴയും നനഞ്ഞ ഔട്ട് ഫീല്‍ഡും മൂലം വൈകുന്നു. ഏഴ് മണിക്ക് തുടങ്ങേണ്ട മത്സരത്തിന്‍റെ ടോസ് ഇതുവരെ ഇടാനായിട്ടില്ല. ആറരക്കാണ് ടോസിടേണ്ടത്. എന്നാല്‍ നനഞ്ഞ ഔട്ട് ഫീല്‍ഡ് കാരണം ടോസ് വൈകുകയാണ്.
ഏഴ് മണിയോടെ പിച്ചും ഗ്രൗണ്ടും പരിശോധിച്ച അമ്പയര്‍മാര്‍ അടുത്ത പരിശോധന എട്ടു മണിക്കാണ് നിശ്ചയിച്ചിരിക്കുന്നത്. ഇന്നലെയും ഇന്ന് രാവിലെയുമായി പെയ്ത മഴമൂലം ഔട്ട് ഫീല്‍ഡ് നനഞ്ഞു കുതിര്‍ന്നു കിടക്കുന്നതാണ് മത്സരം വൈകാന്‍ കാരണമാകുന്നത്. ഔട്ട് ഫീല്‍ഡ് ഉണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
നനഞ്ഞ ഔട്ട് ഫീല്‍ഡില്‍ മത്സരങ്ങള്‍ നടത്തുന്നത് കളിക്കാര്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത കൂട്ടും. മൊഹാലിയിലെ ആദ്യ കളിയിലേറ്റ തോൽവിക്ക് പകരം വീട്ടാന്‍ മാത്രമല്ല, പരമ്പരയില്‍ നിലനില്‍ക്കാന്‍ കൂടിയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ഇന്ന് തോറ്റാല്‍ ഏഷ്യാ കപ്പിന് പിന്നാലെ ഓസ്ട്രേലിയക്കെതിരായ പരമ്പരയും ഇന്ത്യ കൈവിടും. വൈകിയായാലും കളി തുടങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.






































