സ്റ്റീവ് കിർബിയെ ബൗളിംഗ് പരിശീലകനായി നിയമിച്ച് സിംബാബ്വെ
മുൻ ഇംഗ്ലീഷ് ഫാസ്റ്റ് ബൗളർ സ്റ്റീവ് കിർബിയെ ബൗളിംഗ് പരിശീലകനായി നിയമിച്ച് സിംബാബ്വെ. അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് മുമ്പായി പുതിയ കോച്ച് ടീമിനൊപ്പം ചേരും. തനിക്ക് ആകാൻ കഴിയുന്ന ഏറ്റവും മികച്ച പരിശീലകനാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് കിർബി പറഞ്ഞു.
നേരത്തെ സിംബാബ്വെ മുഖ്യ പരിശീലകൻ ഡേവ് ഹൗട്ടനൊപ്പം നന്നായി പ്രവർത്തിക്കാനും അവസരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും മുമ്പ് ഇംഗ്ലീഷ് കൗണ്ടിയിലെ ഡെർബിഷെയറിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. സിംബാബ്വെ കോച്ചിംഗ് സ്റ്റാഫിന്റെ ഭാഗമാകാൻ തനിക്ക് ഈ അവസരം ലഭിച്ചപ്പോൾ ഓഫർ നിരസിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം സിംബാബ്വെ ക്രിക്കറ്റ് ഡയറക്ടർ ഹാമിൽട്ടൺ മസകാഡ്സയും കിർബിയെ പ്രശംസിച്ചു. ഇംഗ്ലീഷുകാരനെ ടീമിന്റെ ഭാഗമാക്കാൻ കഴിഞ്ഞത് ഭാഗ്യവും മികച്ച നീക്കവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിർബി മുമ്പ് ഇംഗ്ലീഷ് ആഭ്യന്തര ലീഗുകളിൽ ഗ്ലൗസെസ്റ്റർഷയർ, ലെസ്റ്റർഷയർ, സോമർസെറ്റ്, യോർക്ക്ഷയർ എന്നീ ടീമുകൾക്കായും കളിച്ച് പരിചയമുള്ളയാളാണ്.
167 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 572 വിക്കറ്റുകളും 17 അഞ്ച് വിക്കറ്റ് നേട്ടങ്ങളും നാല് പത്ത് വിക്കറ്റ് നേട്ടങ്ങളും സ്റ്റീവ് കിർബി നേടിയിട്ടുണ്ട്. 104 മത്സരങ്ങളിൽ നിന്ന് 142 ലിസ്റ്റ്-എ വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.






































