ഓസ്ട്രേലിയക്കെതിരെ പുതിയ റെക്കോർഡുമായി കെഎൽ രാഹുൽ
ടി20 ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കെതിരെ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറി സ്വന്തമാക്കുന്ന ഇന്ത്യന്‍ ഓപ്പണറെന്ന റെക്കോര്‍ഡ് സ്വന്തമാക്കി കെഎൽ രാഹുല്‍. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ 50 പിന്നിട്ട താരം മൂന്ന് ഫിഫ്റ്റികളാണ് തന്റെ പേരിൽ കുറിച്ചത്.
രണ്ട് വീതം നേടിയിട്ടുള്ള രോഹിത് ശര്‍മ, ശിഖര്‍ ധവാന്, ഗൗതം ഗംഭീര്‍ എന്നിവരെയാണ് രാഹുല്‍ പിന്തള്ളിയത്. 18-ാം അര്‍ധ സെഞ്ചുറിയാണ് രാഹുല്‍ സ്വന്തമാക്കിയത്. ഇന്നലെത്തെ മാസ്മരിക പ്രകടനത്തോടെ വിമര്‍ശകരുടെ വായടപ്പിക്കാനും രാഹുലിന് സാധിച്ചു. ഓസ്ട്രേലിയക്കെതിരെ ആദ്യ ടി20യില്‍ ആരാധകരെ തൃപ്തരാക്കുന്ന പ്രകടനം കൂടിയാണ് താരം കാഴ്ച്ചവെച്ചത്.
35 പന്ത് നേരിട്ട താരം 55 റണ്‍സെടുത്താണ് മടങ്ങിയത്. മൂന്ന് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്സ്. സ്ട്രൈക്കറ്റ് റേറ്റിന്റെ പേരില്‍ പഴി കേട്ടിരുന്ന താരം ആ പരാതിയും തീര്‍ത്തുകൊടുത്തു. 157.14 ആയിരുന്നു താരത്തിന്റെ സ്ട്രൈക്ക് റേറ്റ്. ഇന്നലെ ഓസീസിനോട് പരാജയപ്പെട്ടുവെങ്കിലും അടുത്ത മത്സരത്തിൽ ശക്തമായി തിരിച്ചുവരാനാണ് ഇന്ത്യയുടെ ശ്രമം.






































