ലോകകപ്പിൽ കോലി ഓപ്പൺ ചെയ്‌തേക്കുമെന്ന സൂചനയുമായി രോഹിത് ശർമ
ലോകകപ്പില്‍ ഒരുപക്ഷേ വിരാട് കോലി ഇന്ത്യയ്ക്കായി ഓപ്പണ്‍ ചെയ്‌തേക്കുമെന്ന് സൂചന നൽകി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഓസ്ട്രേലിയക്കെതിരായ പരമ്പരക്കു മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രോഹിത് ഇക്കാര്യം പറഞ്ഞത്.
ഓപ്ഷനുകള്‍ ലഭിക്കുന്നത് എപ്പോഴും സന്തോഷമുള്ള കാര്യമാണ് ലോകകപ്പിന് പോകുമ്പോള്‍ ടീമില്‍ ഫ്‌ളെക്‌സിബിളിറ്റി ഉണ്ടാകേണ്ടത് പ്രധാനമാണ്. കളിക്കാര്‍ ഏത് പൊസിഷനിലും മികച്ച രീതിയില്‍ ബാറ്റ് ചെയ്യണമെന്ന് നമ്മള്‍ ആഗ്രഹിക്കും. ഞങ്ങളുടെ എല്ലാ കളിക്കാരുടെയും നിലവാരവും അവര്‍ക്ക് ഞങ്ങള്‍ക്ക് തരാന്‍ സാധിക്കുന്നത് എന്തെന്നും ഞങ്ങള്‍ മനസിലാക്കിയിട്ടുണ്ട്. വിരാട് കോലിയെ ഓപ്പണറാക്കാമെന്നത് അത്തരത്തില്‍ ഞങ്ങള്‍ക്ക് മുന്നിലുള്ള ഒരു സാധ്യതയാണെന്ന് രോഹിത് വ്യക്തമാക്കി.
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി കോലി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തിട്ടുണ്ട്. നന്നായി കളിക്കുകയും ചെയ്തു. അത് ഞങ്ങള്‍ക്കും ഒരു സാധ്യതയാണെന്നും രോഹിത് പറഞ്ഞു. നേരത്തെ ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്താനെതിരായ മത്സരത്തില്‍ സെഞ്ചുറി നേടിയ കോലി, രണ്ടര വര്‍ഷത്തിലേറെ നീണ്ട തന്റെ സെഞ്ചുറി വരള്‍ച്ച അവസാനിപ്പിച്ചിരുന്നു. 61 പന്തില്‍ 122 റണ്‍സടിച്ച കോലി ട്വന്റി 20-യില്‍ ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു.






































