മുൻ ക്യാപ്റ്റൻ രോഹൻ മുസ്തഫയെ ഒഴിവാക്കി, ടി20 ലോകകപ്പിനായുള്ള ടീമിനെ പ്രഖ്യാപിച്ച് യുഎഇ
വരാനിരിക്കുന്ന ടി20 ക്രിക്കറ്റ് ലോകകപ്പിനായുള്ള ടീമിനെ പ്രഖ്യാപിച്ച് യുഎഇ. രാജ്യത്തിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച മുൻ ക്യാപ്റ്റൻ രോഹൻ മുസ്തഫയെ ഒഴിവാക്കിയാണ് 16 അംഗ ടീമിനെ യുഎഇ പ്രഖ്യാപിച്ചിരിക്കുന്നത്. ലോകകപ്പിനുള്ള യോഗ്യതാ ടൂർണമെന്റിന്റെ ഫൈനലിൽ അയർലൻഡിനെതിരെ യുഎഇക്ക് വേണ്ടി മുസ്തഫ വിജയ റൺസ് നേടിയിരുന്നു.
നേരത്തെ 2014 ലെ ടി20 ലോകകപ്പിലും അടുത്ത വർഷം ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും നടന്ന ഏകദിന ലോകകപ്പിലും യുഎഇയെ പ്രതിനിധീകരിച്ച് മൂന്ന് ലോകകപ്പുകൾ കളിക്കുന്ന യുഎഇയുടെ ആദ്യ കളിക്കാരെന്ന ബഹുമതി ഇതോടെ രോഹൻ മുസ്തഫക്ക് നേടാനാവാതെ പോവും.
ഗ്രൂപ്പ് എയിൽ ശ്രീലങ്ക, നെതർലൻഡ്സ്, നമീബിയ എന്നിവർക്കൊപ്പമാണ് യുഎഇ ഇടംപിടിച്ചിരിക്കുന്നത്. ഗ്രൂപ്പിലെ ആദ്യ രണ്ട് ടീമുകളാവും അടുത്ത റൗണ്ടിനായി യോഗ്യത നേടുക. ഒക്ടോബർ 16 ന് നെതർലാൻഡിനെതിരെയാണ് യുഎഇയുടെ ആദ്യ മത്സരം.
യുഎഇ സ്ക്വാഡ്: സിപി റിസ്വാൻ (ക്യാപ്റ്റൻ), വൃത്യ അരവിന്ദ് (വൈസ് ക്യാപ്റ്റൻ), ചിരാഗ് സൂരി, മുഹമ്മദ് വസീം, ബേസിൽ ഹമീദ്, ആര്യൻ ലക്ര, സവർ ഫരീദ്, കാഷിഫ് ദൗദ്, കാർത്തിക് മെയ്യപ്പൻ, അഹമ്മദ് റാസ, സഹൂർ ഖാൻ, ജുനൈദ് സിദ്ദിഖ്, സാബിർ അലി, അലിഷാൻ ഷറഫ്, അയാൻ ഖാൻ






































