സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള തമിഴ്നാട് ടീമിൽ വാഷിംഗ്ടൺ സുന്ദറും നടരാജനും
വാഷിംഗ്ടൺ സുന്ദർ, ടി നടരാജൻ എന്നിവരെ 2022 സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള തമിഴ്നാട് ടീമിൽ ഉൾപ്പെടുത്തി. അടുത്തിടെയായി പരിക്കുകളാൽ വലയുന്ന ഇന്ത്യൻ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറിന് വരാനിരിക്കുന്ന ടൂർണമെന്റ് തിരിച്ചുവരവിനുള്ള ഒരു സുവർണാവസരമാണ്.
ഇന്ത്യയുടെ ആഭ്യന്തര ടി20 ടൂർണമെന്റിനായ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കായി ശക്തമായ 16 അംഗ ടീമിനെയാണ് തമിഴ്നാട് പ്രഖ്യാപിച്ചിരിക്കുന്നത്. പരിക്കേറ്റ വിജയ് ശങ്കറിന് പകരം ബാബാ അപരാജിത്തിനെ വൈസ് ക്യാപ്റ്റൻ പദവിയും സുന്ദറിന് കൈമാറി.
22 കാരനായ ബൗളിംഗ് ഓൾറൗണ്ടർ പരിക്കിനെത്തുടർന്ന് സൺറൈസേഴ്സ് ഹൈദരാബാദിനായി ഒമ്പത് മത്സരങ്ങളിൽ മാത്രമാണ് കളിക്കാനിറങ്ങയത്. ടൂർണമെന്റിന് ശേഷം താരം ഇംഗ്ലീഷ് കൗണ്ടി ടീമായ ലങ്കാഷെയറിൽ ചേർന്ന് രണ്ട് ചാമ്പ്യൻഷിപ്പുകളും രണ്ട് റോയൽ ലണ്ടൻ ഏകദിന കപ്പിലും കളിച്ചു.
കഴിഞ്ഞ മാസം സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിച്ചിരുന്നെങ്കിലും ഓഗസ്റ്റ് 10 ന് വോർസെസ്റ്റർഷെയറിനെതിരായ മത്സരത്തിൽ വാഷിംഗ്ടൺ സുന്ദറിന് പരിക്കേൽക്കുകയായിരുന്നു. തുടർന്ന് ആ പരമ്പരയും നഷ്ടമായി. 2022ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിൽ പരിചയസമ്പന്നനായ പേസർ ടി നടരാജനെയും തമിഴ്നാട് മാനേജ്മെന്റ് ഉൾപ്പെടുത്തിയിട്ടുണ്ട്.
തമിഴ്നാട് ടീം: ബി അപരാജിത്ത് (ക്യാപ്റ്റൻ), വാഷിംഗ്ടൺ സുന്ദർ (വൈസ് ക്യാപ്റ്റൻ), ബി സായി സുദർശൻ, ടി നടരാജൻ, എം ഷാരൂഖ് ഖാൻ, ആർ സായി കിഷോർ, ആർ സഞ്ജയ് യാദവ്, സന്ദീപ് വാര്യർ, എം സിദ്ധാർത്ഥ്, വരുൺ ചക്രവർത്തി, ജെ സുരേഷ് കുമാർ, സി ഹരി നിശാന്ത്, എൻ ജഗദീശൻ, ആർ സിലംബരശൻ, എം അശ്വിൻ, ജി അജിതേഷ്






































