മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനാവാൻ മാർക്ക് ബൗച്ചർ എത്തിയേക്കുമെന്ന് അഭ്യൂഹം
ഐപിഎല്‍ അടുത്ത സീസണില്‍ പുതിയ പരിശീലകനെ തേടുന്ന മുംബൈ ഇന്ത്യന്‍സ് ദക്ഷിണാഫ്രിക്കയുടെ മുൻതാരം മാർക്ക് ബൗച്ചറിനെ ടീമിലെത്തിച്ചേക്കുമെന്ന് റിപ്പോർട്ട്. മഹേല ജയവർദ്ധനെ ഒഴിഞ്ഞ ഹെഡ് കോച്ച് റോൾ ഏറ്റെടുക്കാൻ താരത്തിനും താത്പര്യമുണ്ടെന്നാണ് വാർത്തകൾ. മുൻ ഓസ്‌ട്രേലിയൻ ഓപ്പണർ സൈമൺ കാറ്റിച്ചിനെ എംഐ കേപ്ടൗണിന്റെ മുഖ്യ പരിശീലകനായി നിയമിച്ചതിന്റെ പശ്ചാത്തലത്തിലാണ് വാർത്ത.
നിലവിലെ മുഖ്യ പരിശീലകനായ ശ്രീലങ്കന്‍ മുന്‍ നായകന്‍ മഹേല ജയവര്‍ധനെയെ മുംബൈ ഇന്ത്യന്‍സിന്‍റെ വിവിധ രാജ്യങ്ങളിലെ ടി20 ലീഗുകളുടെയെല്ലാം ഗ്ലോബര്‍ ഹെഡ്-പെര്‍ഫോര്‍മന്‍സ് ആയി നിയമിച്ചതോടെയാണ് മുംബൈ പരിശീലക സ്ഥാനത്തേക്ക് പുതിയൊരാളെ തേടുന്നത്. 2017 മുതല്‍ മുംബൈ ഇന്ത്യന്‍സിന്‍റെ മുഖ്യ പരിശീലകനായിരുന്നു ജയവര്‍ധനെ.
വിഖ്യാതതാരവും ദക്ഷിണാഫ്രിക്കൻ ദേശീയ ടീം പരിശീലകനുമായ മാർക്ക് ബൗച്ചർ ഐപിഎല്ലിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന് സൂചനയും ഇതിനിടയിൽ പുറത്തുവന്നിരുന്നു. 2019 മുതൽ ദക്ഷിണാഫ്രിക്ക ടീം പരിശീലകനാണ് ബൗച്ചർ. ഇക്കുറി നടക്കാനിരിക്കുന്ന ടി20 ലോകകപ്പോടെ ബൗച്ചർ ദക്ഷിണാഫ്രിക്കൻ ടീം ദൗത്യം അവസാനിപ്പിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.
ഐപിഎല്ലിൽ മുമ്പ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സഹപരിശീലകനായും ബൗച്ചർ പ്രവർത്തിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. കളിക്കാരനെന്ന നിലയിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ 2009-10 സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായും 2011-ൽ കെകെആറിലും ബൗച്ചർ കളിച്ചിട്ടുമുണ്ട്.






































