സജീവ ക്രിക്കറ്റില്‍ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് റോബിന്‍ ഉത്തപ്പ
സജീവ ക്രിക്കറ്റില്‍ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണറും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരവുമായ റോബിന്‍ ഉത്തപ്പ. അന്താരാഷ്ട്ര-ആഭ്യന്തര മത്സരങ്ങളില്‍ കളിക്കില്ലെന്ന് ഉത്തപ്പ വ്യക്തമാക്കി. എന്നാൽ വിദേശ ക്രിക്കറ്റ് ലീഗുകളില്‍ കളിക്കാന്‍ താത്പര്യമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
2007-ല്‍ ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലംഗമായ ഉത്തപ്പ 2004-ല്‍ അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും കളിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നീ ടീമുകള്‍ക്കൊപ്പം രണ്ട് തവണ ഐപിഎല്‍ കിരീടം നേടാന്‍ ഉത്തപ്പയ്ക്ക് സാധിച്ചു.
രാജ്യത്തെയും കര്‍ണാടകയെയെും പ്രതിനിധീകരിക്കാനായതില്‍ അഭിമാനമുണ്ടെന്നും എന്നാല്‍ എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ടെന്നും അതിനാല്‍ നിറഞ്ഞ ഹൃദയത്തോടെ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുന്നുവെന്നും ഉത്തപ്പ ട്വീറ്റില്‍ വ്യക്തമാക്കി.
ഇന്ത്യക്കായി 2006-ല്‍ ഇംഗ്ലണ്ടിനെതിരെ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയ ഉത്തപ്പ ക്രീസില്‍ നിന്ന് നടന്നുവന്ന് ഷോട്ട് പായിക്കുന്ന ശൈലി ആരാധകരുടെ മനം കവര്‍ന്നിരുന്നു. ഇന്ത്യക്കായി 46 ഏകദിനങ്ങളില്‍ കളിച്ച ഉത്തപ്പ 934 റണ്‍സ് നേടി. 86 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍.






































