ഔദ്യോഗിക പ്രഖ്യാപനവും എത്തി, ആന്റണിയുമായി ധാരണയിലെത്തിയതായി മാഞ്ചസ്റ്റർ യുണൈറ്റഡ്
ബ്രസീല്‍ യുവതാരം ആന്റണിയുമായി ധാരണയിലെത്തിയതായി വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്ന് മെഡിക്കൽ പൂർത്തിയാക്കിയ താരം ക്ലബുമായി കരാറും ഉടൻ ഒപ്പുവെക്കും. ഈ ട്രാന്‍സ്ഫറിലൂടെ യുണൈറ്റഡിന്റെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ രണ്ടാമത്തെ താരമായി ആന്റണി മാറി. അഞ്ചു വര്‍ഷത്തേക്കാണ് ആന്റണിയുമായുള്ള കരാര്‍.
അയാക്‌സിനുവേണ്ടി 57 മത്സരങ്ങള്‍ കളിച്ച ആന്റണി 18 ഗോളുകള്‍ നേടിയിട്ടുണ്ട്. 22 വയസ് മാത്രമാണ് താരത്തിന്റെ പ്രായം. അയാക്‌സിന്റെ മുന്നേറ്റതാരമായ ആന്റണിയ്ക്ക് വേണ്ടി ആഴ്ചകളായി യുണൈറ്റഡ് ചരടുവലികള്‍ നടത്തുകയായിരുന്നു. വലിയ വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും ആന്റണിയെ വിടാന്‍ അയാക്‌സ് തയ്യാറായിരുന്നില്ല. ഒടുവില്‍ 794 കോടിയോളം രൂപ മുടക്കി യുണൈറ്റഡ് ആന്റണിയെ സ്വന്തമാക്കി. ഇതേ തുകയ്ക്കാണ് മുമ്പ് ഹാരി മഗ്വയറെ ലെസ്റ്റര്‍ സിറ്റിയില്‍നിന്ന് കൊണ്ടുവന്നത്.






































