ആദ്യ ടെസ്റ്റിന്റെ തോൽവിക്ക് അതേ നാണയത്തിൽ തിരിച്ചടിച്ച് ഇംഗ്ലണ്ട്, രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു
ആദ്യ ടെസ്റ്റിന്റെ തോൽവിക്ക് അതേ നാണയത്തിൽ തിരിച്ചടിച്ച് ഇംഗ്ലണ്ട്. മാഞ്ചസ്റ്ററിൽ നടന്ന രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ ഇന്നിംഗ്സിനും 85 റൺസിനും പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് പരമ്പരയിൽ ഒപ്പമെത്തിയിരിക്കുന്നത്. വിജയത്തിനു പുറമെ ഒരു മധുര പ്രതികാരം കൂടിയാണ് ഈ ഇന്നിംഗ്‍സ് വിജയമെന്നു പറയാം.
ആദ്യ ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്കയെ 151 റൺസിന് പുറത്താക്കിയ ശേഷം ആതിഥേയർ തങ്ങളുടെ ഇന്നിംഗ്സ് 415/9 എന്ന നിലയിലാണ് ഡിക്ലയര്‍ ചെയ്തത്. അവിടെ നിന്ന് രണ്ടാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്കയെ 179 റൺസിനാണ് ഇംഗ്ലണ്ട് ചുരുട്ടികെട്ടി പരമ്പരയിലെ രണ്ടാം ടെസ്റ്റ് കൈപ്പിടിയിലാക്കിയത്. ഒല്ലി റോബിന്‍സൺ നാലും ജെയിംസ് ആന്‍ഡേഴ്സൺ മൂന്നും വിക്കറ്റ് നേടിയപ്പോള്‍ ബെന്‍ സ്റ്റോക്സ് ആതിഥേയര്‍ക്കായി രണ്ട് വിക്കറ്റ് നേടി വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
42 റൺസ് നേടിയ കീഗന്‍ പീറ്റേഴ്സൺ ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍ 41 റൺസ് നേടി. ലോര്‍ഡ്സിലെ ഇന്നിംഗ്സ് തോൽവിയ്ക്ക് പകരം വീട്ടി ഇംഗ്ലണ്ട് പരമ്പരയിൽ 1-1ന് സമനിലയിലെത്തി.






































