വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റും തിരിച്ചെത്തുന്നതായി സ്ഥിരീകരണം; ഒക്‌ടോബർ ഒന്നു മുതൽ ആരംഭിക്കും
വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റും തിരിച്ചെത്തുന്നതായി സ്ഥിരീകരണം. ഒക്‌ടോബർ ഒന്നു മുതൽ 16 വരെ ടി20 ഫോർമാറ്റിൽ 2022 വനിതാ ഏഷ്യാ കപ്പിന് തുടക്കമാവും. ടൂർണമെന്റിന് ഇത്തവണ ആതിഥേയത്വം വഹിക്കാൻ ബംഗ്ലാദേശ് ഒരുങ്ങി കഴിഞ്ഞതായാണ് റിപ്പോർട്ട്.
2022 വനിതാ ഏഷ്യാ കപ്പിൽ ആകെ ഏഴ് ടീമുകളാവും പോരാട്ടത്തിനിറങ്ങുക. എന്നാൽ ടൂർണമെന്റിന്റെ ഷെഡ്യൂളും മറ്റ് വിശദാംശങ്ങളും ഇതുവരെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, തായ്‌ലൻഡ്, മലേഷ്യ, യുഎഇ എന്നിവ ബംഗ്ലാദേശിനെ കൂടാതെ മറ്റ് ആറ് ടീമുകളായിരിക്കുമെന്ന് റിപ്പോർട്ടുണ്ട്.
സെപ്റ്റംബർ അവസാനവാരം യുഎഇയിൽ നടക്കുന്ന 2022 വനിതാ ടി20 ലോകകപ്പ് യോഗ്യതാ മത്സരം സമാപിച്ചതിന് ശേഷം മത്സരം ആരംഭിക്കും. കഴിഞ്ഞ ആഴ്‌ച അനാച്ഛാദനം ചെയ്‌ത ഐസിസിയുടെ ആദ്യ വനിതാ ഫ്യൂച്ചർ ടൂർ പ്രോഗ്രാമിൽ ഈ വർഷത്തെ വനിതാ ഏഷ്യാ കപ്പിനായി ഒക്‌ടോബറിലെ ആദ്യ രണ്ട് ആഴ്‌ചകൾ നിയുക്തമാക്കിയിട്ടുണ്ട്.






































