ഐസിസി ടെസ്റ്റ് റാങ്കിംഗിൽ മുന്നേറ്റവുമായി കഗിസോ റബാഡ
ലണ്ടനിലെ ലോർഡ്‌സിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിനെതിരായ മികച്ച പ്രകടനത്തിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) പുരുഷ താരങ്ങളുടെ റാങ്കിംഗിൽ മികച്ച നേട്ടം കൈവരിച്ച് ദക്ഷിണാഫ്രിക്കൻ താരം കഗിസോ റബാഡ.
ഏറ്റവും പുതിയ ടെസ്റ്റ് ബോളർ റാങ്കിംഗിൽ റബാഡ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ അഞ്ച് വിക്കറ്റ് നേട്ടം ഉൾപ്പെടെ ആകെ ഏഴ് വിക്കറ്റുകളാണ് വലംകൈയ്യൻ പേസർ വീഴ്ത്തിയത്. സഹതാരം ആൻറിച്ച് നോർട്ട്ജെയും ത്രീ ലയൺസിനെതിരെ ആകെ ആറ് വിക്കറ്റുകൾ വീഴ്ത്തി, അതിനാൽ 14 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 25-ാം റാങ്കിലെത്തി.
ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗിൽ ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസും ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ദക്ഷിണാഫ്രിക്കൻ നായകൻ ഡീൻ എൽഗറും ഒരു സ്ഥാനം മെച്ചപ്പെടുത്തി ടെസ്റ്റ് ബാറ്റ്‌സ് റാങ്കിംഗിൽ 13-ാം റാങ്കിലെത്തി.






































