17 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇംഗ്ലണ്ട് പാകിസ്ഥാനിൽ ടെസ്റ്റ് പരമ്പരയ്ക്ക് എത്തുന്നു
ഡിസംബറിൽ നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയുടെ വിശദാംശങ്ങൾ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ചതുപോലെ സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 2 വരെ ഇംഗ്ലണ്ട് ഏഴ് ടി20 മത്സരങ്ങൾ ആദ്യം പാകിസ്ഥാനിൽ കളിക്കും.
തുടർന്ന് ഇംഗ്ലണ്ട് മൂന്ന് മത്സര ടി20 പരമ്പരയ്ക്കായി ഓസ്‌ട്രേലിയയിലേക്ക് പറക്കും. വരാനിരിക്കുന്ന 2022 ടി20 ലോകകപ്പിനുള്ള അവസാന തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഇംഗ്ലണ്ട് പര്യടനത്തിനെത്തുന്നത്.
17 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇംഗ്ലണ്ട് പാകിസ്ഥാനിൽ ഡിസംബർ 1-5 വരെ റാവൽപിണ്ടിയിൽ തങ്ങളുടെ ആദ്യ ടെസ്റ്റ് മത്സരം കളിക്കാനിറങ്ങും. തുടർന്ന് ഡിസംബർ ഒമ്പതിന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനായി മുൾത്താനിലേക്ക് പോകും. ഡിസംബർ 17 മുതൽ കറാച്ചി മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിന് ആതിഥേയത്വം വഹിക്കും.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ 56 പോയിന്റുമായി അഞ്ചാം സ്ഥാനത്തും (ഒമ്പത് മത്സരങ്ങളിൽ) ഇംഗ്ലണ്ട് 64 പോയിന്റുമായി (17 ടെസ്റ്റ് മത്സരങ്ങളിൽ) ഏഴാം സ്ഥാനത്തുമാണ്. നിലവിൽ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ നെതർലൻഡ്‌സിനെ 3-0ന് തകർത്ത പാകിസ്ഥാൻ ആഗസ്റ്റ് 27ന് ആരംഭിക്കുന്ന 2022 ഏഷ്യാ കപ്പിനായി തയാറെടുപ്പിലാണിപ്പോൾ.
ഇംഗണ്ടിനെതിരായ ടി20 പരമ്പരയ്ക്കു ശേഷം ബംഗ്ലാദേശും ഉൾപ്പെടുന്ന ത്രിരാഷ്ട്ര ടി20 പരമ്പരയ്ക്കായി പാകിസ്ഥാൻ ന്യൂസിലൻഡിലേക്ക് പോകും. തുടർന്ന് ഒക്ടോബർ 22 മുതൽ നവംബർ 13 വരെ ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിൽ പങ്കെടുക്കും.






































