ബിബിഎല്ലിലേക്ക് വീണ്ടും വാർണർ, സിഡ്‌നി തണ്ടറുമായി രണ്ട് വർഷത്തെ കരാർ ഒപ്പിട്ടു
ബിഗ് ബാഷ് ലീഗിന്റെ (ബിബിഎൽ) അടുത്ത രണ്ട് സീസണുകളിൽ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ച് ഓസ്‌ട്രേലിയയുടെ സൂപ്പർ താരം ഡേവിഡ് വാർണർ. സിഡ്‌നി തണ്ടറുമായി രണ്ട് വർഷത്തെ കരാർ ഒപ്പിട്ടതിന് ശേഷമാണ് ഇക്കാര്യം താരം പ്രഖ്യാപിച്ചത്. 2013ന് ശേഷം ഇതാദ്യമായാണ് ബിബിഎല്ലിൽ വാർണർ തിരിച്ചെത്തുന്നത്.
നേരത്തെ ഇന്റർനാഷണൽ ലീഗ് ടി20 ടൂർണമെന്റിൽ കളിക്കാൻ ഒരുങ്ങുന്നതിനാൽ ബിഗ് ബാഷ് ലീഗിൽ വാർണറിന്റെ സാന്നിധ്യം ഉണ്ടാവില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ജനുവരി ആദ്യം ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരത്തിനു ശേഷം ബിഗ് ബാഷ് ലീഗിന്റെ ഇത്തവണത്തെ സീസണിനായി വാർണർ സിഡ്‌നി തണ്ടേഴ്‌സിനോടൊപ്പം ചേരും.
ഐഎൽടി 20 ടീമായ ദുബായ് ക്യാപിറ്റൽസിന്റെ ഉടമസ്ഥതയിലുള്ള ഐപിഎൽ ടീമായ ഡൽഹി ക്യാപിറ്റൽസിന്റെ ഭാഗമായതിനാൽ അടുത്തിടെ പ്രഖ്യാപിച്ച ലീഗിൽ വാർണറിന്റെ പങ്കാളിത്തം പ്രതീക്ഷിച്ചിരുന്നെങ്കിലും ജനുവരിയിൽ നടക്കുന്ന യുഎഇ ഇന്റർനാഷണൽ ലീഗ് ടി20 യുടെ ഉദ്ഘാടന പതിപ്പിൽ ഉണ്ടാവില്ലെന്ന് ഇതോടെ ഉറപ്പായി.






































