ന്യൂസിലൻഡ് ക്രിക്കറ്റിന്റെ കേന്ദ്ര കരാറിൽ നിന്ന് ട്രെന്റ് ബോൾട്ടിനെ ഒഴിവാക്കി
ന്യൂസിലൻഡ് ക്രിക്കറ്റിന്റെ കേന്ദ്ര കരാറിൽ നിന്ന് ട്രെന്റ് ബോൾട്ടിനെ ഒഴിവാക്കി. ബുധനാഴ്ച്ചയാണ് സ്റ്റാർ സ്പീഡ്സ്റ്റർ ട്രെന്റ് ബോൾട്ടിനെ കരാറിൽ നിന്നും ഔദ്യോഗികമായി ഒഴിവാക്കിയ കാര്യം പ്രഖ്യാപിച്ചത്. ബോൾട്ട് തന്റെ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിച്ചതും അന്താരാഷ്ട്ര മത്സരങ്ങൾക്കൊപ്പം ലോകത്തിന്റെ പല ഭാഗങ്ങളിലായുള്ള ലീഗ് മത്സരങ്ങള്‍ കളിക്കുക എന്നത് കൂടി ലക്ഷ്യമിട്ടാണ് ബോള്‍ട്ടിന്റെ നീക്കം.
ന്യൂസിലന്‍ഡ് ക്രിക്കറ്റുമായി കരാര്‍ ഉള്ള കളിക്കാര്‍ക്ക് ആയിരിക്കും ടീം സെലക്ഷനില്‍ മുന്‍ഗണന നല്‍കുക എന്ന് ബോര്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കി. പേസർ പലതവണ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ബോർഡ് തീരുമാനമെടുത്തിരിക്കുന്നതും. ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തുക എന്നത് ദുഷ്കരമായിരുന്നു. ഇപ്പോഴത്തെ ഈ തീരുമാനം എന്റെ ഭാര്യക്കും കുട്ടികള്‍ക്കും വേണ്ടിയാണ്. ഇവിടെ വരെ എത്തിയതിന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന് ഞാന്‍ നന്ദി പറയുന്നുവെന്നും പ്രഖ്യാപനത്തിനു ശേഷം ബോൾട്ട് വ്യക്തമാക്കി.
ഏകദിനത്തില്‍ നിലവില്‍ ഒന്നാം റാങ്കില്‍ നില്ക്കുന്ന ബൗളറാണ് ബോള്‍ട്ട്. 93 ഏകദിനങ്ങളില്‍ നിന്ന് ബോള്‍ട്ട് നേടിയത് 169 വിക്കറ്റ്. 78 ടെസ്റ്റുകളും കിവീസ് കുപ്പായത്തില്‍ ബോള്‍ട്ട് കളിച്ചിട്ടുമുണ്ട്.






































