ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനം ഒഴിഞ്ഞ് ലിസ കെയ്റ്റ്‌ലി
2022 കോമൺവെൽത്ത് ഗെയിംസിൽ മികച്ച തുടക്കം ലഭിച്ചിട്ടും നോക്കൗട്ടിൽ അടിതെറ്റിയ ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനം ഒഴിഞ്ഞ് ലിസ കെയ്റ്റ്‌ലി. സെമിയിൽ ഇന്ത്യയോട് തോറ്റ ടീം പിന്നീട് വെങ്കലത്തിനായുള്ള മെഡൽ മത്സരത്തിൽ ന്യൂസിലൻഡിനോടും പരാജയപ്പെട്ടിരുന്നു.
രണ്ടര വർഷത്തോളം കെയ്റ്റ്‌ലി ടീമിന്റെ ചുമതല വഹിച്ചതിനു ശേഷമാണ് പരിശീലക സ്ഥാനത്തു നിന്ന് ഒഴിയുന്നത്. കെയ്റ്റ്‌ലിയുടെ കീഴിൽ മികച്ച ഫോമിൽ കളിച്ച ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടീം 2022 ലെ വനിതാ ലോകകപ്പിൽ റണ്ണേഴ്‌സ് അപ്പായാണ് തങ്ങളുടെ ശക്തി വിളിച്ചുപറഞ്ഞത്. 2020 ടി20 ലോകകപ്പിൽ ഇംഗ്ലണ്ട് സെമിയിൽ കയറിയതും ഇതേ പരിശീലകയുടെ കീഴിലായിരുന്നുവെന്നതും ശ്രദ്ധേയമാണ്.
മുൻ ഓസ്‌ട്രേലിയൻ താരത്തിന്റെ കീഴിൽ ഇംഗ്ലണ്ടിന് ഒരു ഐസിസി ട്രോഫി പോലും നേടാനായില്ലെങ്കിലും ഇംഗ്ലണ്ട് വനിതാ ടീം ഒരുപാട് യുവതാരങ്ങളെ ടീമിലെത്തിക്കുകയും ടീമിന്റെ വളർച്ചയെ സഹായിക്കുകയും ചെയ്തു. സോഫിയ ഡങ്ക്‌ലിയുടെ ഉയർച്ചയുടെ പിന്നിലും ലിസ കെയ്റ്റ്‌ലിയായിരുന്നു. കെയ്‌റ്റ്‌ലിയുടെ കീഴിൽ വൻ വളർച്ച കൈവരിച്ച മറ്റ് രണ്ട് താരങ്ങളാണ് ആലീസ് കാപ്‌സിയും ഫ്രേയ ഡേവിസും.






































